ബെംഗളൂരു: കര്‍ണാടകയില്‍ ഓണ്‍ലെന്‍, ഓഫ് ലൈന്‍ ടാക്‌സി സര്‍വിസ് നിരക്ക് ഏകീകരിച്ചു. ശനിയാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയ ഗതാഗത വകുപ്പ്, പുതിയ നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വന്നതായി വ്യക്തമാക്കി. ഇതോടെ ആപ് ഉപയോഗിച്ച് സര്‍വിസ് നടത്തുന്ന ഊബര്‍, ഒല, നമ്മ യാത്രി പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സികളുടെയും സാധാരണ സര്‍വിസ് നടത്തുന്ന ടാക്‌സികളുടെയും യാത്രാനിരക്ക് ഒന്നാവും. കര്‍ണാടക സംസ്ഥാനത്ത് മുഴുവന്‍ പുതിയ ഉത്തരവ് ബാധകമാണെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
മുമ്പ് ഓണ്‍ലൈന്‍ ടാക്‌സികളുടെയും ഓഫ്‌ലൈന്‍ ടാക്‌സികളുടെയും യാത്രാ നിരക്കില്‍ വ്യത്യാസമുണ്ടായിരുന്നു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രിയമേറിയതോടെ ഓഫ്‌ലൈന്‍ ടാക്‌സികള്‍ക്ക് സര്‍വിസുകള്‍ കുറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പലതവണ ടാക്‌സി തൊഴിലാളി യൂനിയനുകള്‍ സമരം നടത്തുകയും സര്‍ക്കാറിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
എല്ലാ തരം ടാക്‌സികളുടെയും നിരക്ക് ഏകീകരിക്കണമെന്നായിരുന്നു ആവശ്യം. ഇതാണ് ഇപ്പോള്‍ നടപ്പായത്. നേരത്തെ രണ്ടു കാറ്റഗറികളിലായാണ് ടാക്‌സി നിരക്ക് നിശ്ചയിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം, വാഹനത്തിന്റെ വില കണക്കിലെടുത്ത് ഇത് മൂന്നു കാറ്റഗറികളിലേക്ക് മാറും. 10 ലക്ഷത്തിന് താഴെ വിലയുള്ള വാഹനങ്ങള്‍ ഒരു കാറ്റഗറിയിലാണുള്ളത്. ഇവക്ക് മിനിമം നിരക്കായി 100 രൂപ നിശ്ചയിച്ചു. നാലു കിലോമീറ്റര്‍ വരെ ഈ നിരക്കാണ് ഈടാക്കുക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 24 രൂപ വീതം ഈടാക്കും.
10 ലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങളാണ് രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെടുക. ഇവക്ക് 115 രൂപയാണ് മിനിമം നിരക്ക്. നാലുകിലോമീറ്റര്‍ വരെ ഇതേ ചാര്‍ജ് ഈടാക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 28 രൂപയും നല്‍കണം. 15 ലക്ഷത്തിന് മുകളില്‍ വിലവരുന്ന വാഹനങ്ങള്‍ക്ക് നാലു കിലോമീറ്ററിന് ചുരുങ്ങിയത് 130 രൂപയാണ് നിരക്ക്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 32 രൂപ വീതം അധികം നല്‍കണം. നിശ്ചയിച്ച നിരക്കില്‍ അധികതുക ഒരു ടാക്‌സി സര്‍വിസുകാരും ഈടാക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
ടാക്‌സികളുടെ വെയിറ്റിങ് ചാര്‍ജും നിശ്ചയിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റ് വരെ വെയിറ്റിങ് ചാര്‍ജ് സൗജന്യമാണ്. പിന്നീടുള്ള ഓരോ മിനിറ്റിനും ഓരോ രൂപ വീതം യാത്രക്കാരന്‍ അധികം നല്‍കണം. ഇതിനു പുറമെ, ആപ് അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് അഞ്ചു ശതമാനം ജി.എസ്.ടി തുക യാത്രക്കാരനില്‍നിന്ന് ഈടാക്കാം.
ടോള്‍ പ്ലാസ വഴി കടന്നുപോകുന്നുണ്ടെങ്കില്‍ ടോള്‍ ചാര്‍ജും ഈടാക്കാം. അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ച ആറുവരെയുള്ള സമയത്ത് ടാക്‌സി ബുക്ക് ചെയ്യുന്നവരില്‍നിന്ന് 10 ശതമാനം അധിക ചാര്‍ജും ഈടാക്കാമെന്ന് ഗതാഗത വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നു.