ക്ഷാമം പരിഹരിക്കാന്‍ നടപടി ; ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതൽ സവാള

ന്യൂഡല്‍ഹി : ഉള്ളിവിലക്കയറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വിലനിയന്ത്രണത്തിന് കൂടുതല്‍ സവാള ഇറക്കുമതി ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഈജിപ്ത്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സവാള ഇളക്കുമതി ചെയ്യാനാണ് തീരുമാനം. ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ നേരത്തെ തീരുമാനിച്ചതിന് പുറമേയാണിത്.

നാഫെഡ് വഴി രാജ്യത്തെ കര്‍ഷകരില്‍ നിന്ന് സവാള നേരിട്ട് സംഭരിക്കും. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. വിപണിയില്‍ കൃത്യമായ നിരീക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഭക്ഷ്യ പൊതുവിതരണമന്ത്രാലയം കത്തയച്ചു.

അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പിയൂഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് പി.കെ സിന്‍ഹ എന്നിവര്‍ പങ്കെടുത്തു.

Top