ഉള്ളിയ്ക്ക് സ്വര്‍ണത്തേക്കാള്‍ വില; ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: സവാള വില കുത്തനെ ഉയരുമ്പോള്‍ ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് കയറ്റി അയച്ച സവാളയാണ് കൊള്ളയടിച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

നവംബര്‍ 11 നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പൊലീസിനെ വിവരം അറിയച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ട്രക്കിനുള്ളില്‍ സവാള ഇല്ലായിരുന്നു.

കനത്ത മഴയില്‍ കൃഷി നശിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാള വരവു കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണം. സവാളയുടെ പൂഴ്ത്തിവയ്പ് വര്‍ധിച്ചതും വില വര്‍ധനവിന് ഇടയാക്കിയിട്ടുണ്ട്.

സവാളയ്ക്ക് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ 100 രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 120 രൂപയുമാണു ശരാശരി നിരക്ക്. ഒക്ടോബര്‍ അവസാനം 45 രൂപയായിരുന്നതാണ് ഒരു മാസം ആയപ്പോഴേയ്ക്കും ഇത്രയും കുതിച്ചുയര്‍ന്നത്.ഒരുമാസത്തിനിടെ വിലയില്‍ 150 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Top