കുതിച്ചുയര്‍ന്ന് സവാള വില; ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം

വിപണിയില്‍ വില കുതിച്ച് ഉയരുന്ന സാഹചര്യത്തില്‍ സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. അഞ്ച് പച്ചക്കറി ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തില്‍ അടിയന്തിരമായി ഇളവ് വരുത്താന്‍ കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ കരിഞ്ചന്ത ഒഴിവാക്കാനുള്ള പരിശോധനകള്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്ത് മിക്ക നഗരങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. പച്ചക്കറികളുടെ കാര്യത്തിലാണ് വിലവര്‍ധന ഏറെ പ്രകടം. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിലവര്‍ധന കടുത്ത ജനരോക്ഷം ഉണ്ടാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര ഇടപെടല്‍. ആദ്യപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ ആരംഭിച്ചു. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.

Top