രാജ്യത്ത് ഉള്ളിവില കുത്തനെ കുതിക്കുന്നു; ചില്ലറ വിപണിയില്‍ ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയായി

ഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുത്തനെ ഉയരുന്നു. ചില്ലറ വിപണിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില ഇരട്ടിയായാണ് കുതിക്കുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും കിലോയ്ക്ക് 30-35 രൂപയായിരുന്നു. എന്നാല്‍ ഒരാഴ്ചകൊണ്ട് ഇത് 60-80 രൂപയായി ഉയര്‍ന്നു. വില വര്‍ദ്ധനവ് കാരണം കയറ്റുമതിക്ക് സര്‍ക്കാര്‍ തറ വില നിശ്ചയിച്ചിട്ടുണ്ട്.

വിതരണവും ഡിമാന്‍ഡും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പെടാപാട് പെടുകയാണ്. തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉള്ളിവില ഉയരുന്നത് കേന്ദ്രത്തെ വലയ്ക്കുന്നുണ്ട്. ദേശീയ സര്‍ക്കാര്‍ ഇപ്പോള്‍ നഗരങ്ങളില്‍ കിലോഗ്രാമിന് 25 രൂപ വിലക്കുറവില്‍ ഉള്ളി വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ബഫര്‍ സ്റ്റോക്കിന്റെ സഹായത്തോടെയാണ് സര്‍ക്കാര്‍ ഉള്ളി കിലോയ്ക്ക് 25 രൂപ കിഴിവില്‍ വില്‍ക്കുന്നത്. ഇതിനായി 170-ലധികം നഗരങ്ങളിലെ മാര്‍ക്കറ്റുകളിലും 685 കേന്ദ്രങ്ങളിലും ഉള്ളി വില്‍പ്പന സ്റ്റാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം ടണ്‍ ഉള്ളി ഇതിനായി പ്രതേകം എത്തിച്ചിട്ടുണ്ട്.

Top