ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്

Nitish Kumar

പട്ന: തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്‍ലഖിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ സവാളയും ഇഷ്ടിക കഷ്ണവും എറിഞ്ഞത്.

മദ്യക്കടത്ത് നടക്കുന്നു, പരസ്യമായി വില്‍പ്പനയും നടക്കുന്നു. അത് തടയുന്നതില്‍ നിങ്ങള്‍ വിജയിച്ചിട്ടില്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നിലേക്കെത്തുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്തു. സദസ്സിലിരുന്ന മറ്റു നേതാക്കളും പെട്ടെന്നുണ്ടായ ഏറില്‍ പരിഭ്രാന്തരായെങ്കിലും ‘എറിയൂ, ഇനിയും എറിയൂ’എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. തുടര്‍ന്ന് നിതീഷ് കുമാര്‍ പ്രസംഗം തുടരുകയും ചെയ്തു.

ബിഹാറില്‍ മൂന്നു ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് രണ്ടാം ഘട്ട പോളിങ് നടന്നു. മൂന്നാമത്തേയും അവസാനത്തേയും ഘട്ടം ഈ മാസം ഏഴിന് നടക്കും. നവംബര്‍ പത്തിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

Top