ഉള്ളിക്ക് വിലയിടിഞ്ഞു, ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ

നാസിക്: സവാള വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കർഷകർ. വിളവെടുപ്പ് കൂലി പോലും ഉള്ളി വിറ്റാൽ ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഉള്ളിക്ക് തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നതെന്ന കാരണത്താൽ ഒന്നരയേക്കർ ഉള്ളി പാടം കർഷകൻ തീയിട്ട് നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കിലോയ്ക്ക് രണ്ടു രൂപ മുതൽ നാലുരൂപ വരെ മാത്രമേ കർഷകന് ലഭിക്കുന്നുള്ളൂ. കൃഷ്ണ ഡോംഗ്രേ എന്ന കർഷകനാണ് ഉള്ളിപ്പാടം കത്തിച്ചത്. പ്രതിഷേധമായി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തയച്ചതായും ഇദ്ദേഹം പറഞ്ഞു.

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഉള്ളിവിലയിടിവിന് കാരണമെന്നും കർഷകൻ ആരോപിച്ചു. നാലുമാസം മുമ്പ് ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്തത്. വിളവെടുത്ത് മാർക്കറ്റിലേക്കെത്തിക്കാൻ 30000 രൂപ വേറെ ചെലവ് വരും. എന്നാൽ ഇത്രയും സ്ഥലത്തെ ഉള്ളി വിറ്റാൽ ആകെ 25000 രൂപ കിട്ടും. പിന്നെന്തിന് വിൽക്കണമെന്നും കർഷകൻ ചോദിച്ചു. ഉള്ളിപ്പാടം കത്തിക്കുന്നതു കാണാൻ വരണമെന്നു ക്ഷണിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

Top