സ്വര്‍ണം വേണ്ട ഉള്ളി മതി! വിളവെടുക്കും മുമ്പേ കള്ളന്മാര്‍ കൊണ്ടുപോയത് 30,000 രൂപയുടെ ഉള്ളി

ഭോപ്പാല്‍: ഉള്ളി വില കുത്തനെ ഉയരുമ്പോള്‍ കള്ളമ്മാര്‍ക്ക് സ്വര്‍ണത്തേക്കാള്‍ പ്രിയം ഉള്ളി തന്നെ. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പരാതികളാണ് ഉള്ളി മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയരുന്നത്. അവസാനമായി പുറത്തുവന്ന വാര്‍ത്ത മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 22 ലക്ഷം രൂപ വിലവരുന്ന 40 ടണ്‍ സവാള മോഷണം പോയി എന്നതാണ്. ഇതിന് പിന്നാലെയാണ് 30,000 രൂപയുടെ ഉള്ളി മോഷണം പോയി എന്ന പരാതിയും ഉയരുന്നത്. മധ്യപ്രദേശിലെ ഒരു കര്‍ഷകനാണ് ഇപ്രാവിശ്യം പരാതിക്കാരന്‍.

പാടത്തുനിന്നും 30,000 രൂപയുടെ ഏഴ് ക്വിന്റല്‍ ഉള്ളി മോഷ്ടാക്കള്‍ കൊയ്‌തെടുത്തെന്നാണ് കര്‍ഷകനായ ജിതേന്ദ്ര ധന്‍ഗര്‍ നാരായണഘട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മധ്യപ്രദേശിലെ മന്ദ്സൗറിലെ റിച്ചാ ബച്ചാ ഗ്രാമത്തില്‍നിന്നുള്ള കര്‍ഷകനായ ജിതേന്ദ്ര ധന്‍ഗര്‍ ചൊവ്വാഴ്ച രാവിലെ പാടെത്തിത്തിയപ്പോഴാണ് വിളവെടുക്കാനായ ഉള്ളിച്ചെടികള്‍ പാടത്തുനിന്ന് പിഴുതെടുത്ത് കൊണ്ടുപോയ നിലയില്‍ കണ്ടത്.

കഴിഞ്ഞ വര്‍ഷം നാസിക്കില്‍ നിന്നും കൊണ്ടു വന്ന മുന്തിയതരം ഉള്ളി വിത്തുകളാണ് ഒന്നര ഏക്കര്‍ നിലത്തില്‍ കൃഷി ചെയ്തത്. ഇത്തവണത്തെ കൃഷിയില്‍നിന്ന് നല്ല വരുമാനം ഉണ്ടാകുമെന്നും അതോടെ തന്റെ കടങ്ങള്‍ തീരുമെന്നുമായിരുന്നു ജിതേന്ദ്രയുടെ പ്രതീക്ഷ. എന്നാല്‍, എല്ലാ പ്രതീക്ഷകളും തകര്‍ത്തായിരുന്നു തന്റെ പാടത്തുനിന്ന് മോഷ്ടാക്കള്‍ ഏഴ് ക്വിന്റല്‍ ഉള്ളിയുമായി കടന്നതെന്നും ജിതേന്ദ്ര പറഞ്ഞു.

സംഭവത്തില്‍ പൊലീസ് പാടത്തെത്തി പരിശോധന നടത്തിയതായി മന്ദ്സൗര്‍ എഎസ്പി പറഞ്ഞു. ഉള്ളി മോഷ്ടിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും എഎസ്പി കൂട്ടിച്ചേര്‍ത്തു.

Top