ഓങ് സാന്‍ സൂചിക്കെതിരേ കൂടുതല്‍ കേസുമായി മ്യാന്‍മാര്‍ പട്ടാളഭരണകൂടം

നയ്പിഡോ: പട്ടാളത്തിന്റെ കസ്റ്റിഡിയിലായി രണ്ട് മാസത്തിനു ശേഷം സ്ഥാനഭ്രഷ്ടയായ നേതാവ് ഓങ് സാന്‍ സൂചിക്കെതിരേ കൂടുതല്‍ കേസുകളുമായി പട്ടാള ഭരണകൂടം. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് ആരോപണം. നേരത്തെ നാല് കേസുകളാണ് സൂചിക്കെതിരേ പട്ടാളം ചുമത്തിയിരുന്നത്. പുതിയ കേസു കൂടെ ആകുമ്പോള്‍ കേസിന്റെ എണ്ണം അഞ്ചായതായി ക്യോഡൊ ന്യൂസിനെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു. സൂചിയുടെ മുന്‍ ഉപദേശകനായിരുന്ന ആസ്‌ട്രേലിയന്‍ സാമ്പത്തിക വിദഗ്ധന്‍ സീന്‍ ടര്‍ണലിനെതിരേ നല്‍കിയ കുറ്റപത്രത്തിന്റെ ഭാഗമായാണ് സൂചിക്കെതിരേയുള്ള പുതിയ കേസ്. രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് സീന്‍ ടെര്‍ണലിനെതിരേ പട്ടാളം ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം സൂചിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സൂചി ആരോഗ്യവതിയായിരിക്കുന്നതായി അവരുടെ അഭിഭാഷകരിലൊരാള്‍ പറഞ്ഞു. ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ പട്ടാളം കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെച്ചൊല്ലി പട്ടാളവും സിവില്‍ അധികാരികളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു നടപടി. സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് പട്ടാളം നേരത്തെ സൂചന നല്‍കിയിരുന്നു. ടെലിവിഷന്‍ ചാനല്‍ വഴിയാണ് സൈന്യം അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. അതിനെതിരേ രാജ്യമാസകലം വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.

 

Top