വയനാട്ടില്‍ ആര് ? കോണ്‍ഗ്രസിന്റെ എട്ടാമത്തെ സ്ഥാനാർത്ഥി പട്ടികയിലും കേരളമില്ല

ന്യൂഡല്‍ഹി : കോൺഗ്രസ്‌ സ്ഥാനാർത്ഥികളുടെ എട്ടാമത് പട്ടിക പുറത്തിറക്കി. ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 38 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ പട്ടികയില്‍ കേരളത്തിലെ വയനാട് വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമാക്കിയിട്ടില്ല. ആറ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

മല്ലിഗാർജുൻ ഖാർഗെ കർണാടകയിലെ ഗുൽബർഗയിൽ നിന്നും വീരപ്പ മൊയ്ലി ചിക്ക ബല്ലാപൂരിൽ നിന്നും ജനവിധി തേടും.മധ്യപ്രദേശിലെ ഭോപ്പാലിൽ ദിഗ്‌വിജയ് സിങും മന്ദസൗറിൽ മീനാക്ഷി നടരാജനും മത്സരിക്കും. 218 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ വന്നതോടെ ഇനിയും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത വടകര മണ്ഡലത്തിലേക്കും ഏവരും ഉറ്റുനോക്കുകയാണ്. കോൺഗ്രസിന്‍റെ എട്ടാം സ്ഥാനാർത്ഥി പട്ടികയിലും വയനാട്ടിലെ സ്ഥാനാർത്ഥിയെ ഔദ്യോഗിക പ്രഖ്യാപിച്ചില്ലെങ്കിലും കെ മുരളീധരൻ ആത്മവിശ്വാസത്തിലാണ്. സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം ഇല്ലെന്നും പ്രചാരണം തുടങ്ങാൻ എഐസിസി നേരിട്ട് ആവശ്യപ്പെടുകയായിരുന്നെന്നും കെ.മുരളീധരൻ പറഞ്ഞു.

Top