വണ്‍പ്ലസ് നോര്‍ഡ് 2 എത്തി; ഫീച്ചറുകളും വിലയും കൂടി

പ്പിളിന്റെ ഐഫോണുകള്‍ പോലുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളോട് മത്സരിച്ചിരിക്കുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് വണ്‍പ്ലസ് കഴിഞ്ഞ വര്‍ഷം ജൂണിലാണ് തങ്ങളുടെ ആദ്യ വിലക്കുറവുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആയി നോര്‍ഡ് വിപണിയിലെത്തിച്ചത്. 24,999 രൂപ മുതല്‍ വിലയുള്ള നോര്‍ഡ് മികച്ച പ്രതികരണം നേടിയതോടെ നോര്‍ഡിനെ ഒരു ശ്രേണിയായി വളര്‍ത്താന്‍ വണ്‍പ്ലസ് തീരുമാനിച്ചു.

അടുത്തിടെയാണ് നോര്‍ഡിനെ താഴെയായി നോര്‍ഡ് CE എന്ന പേരില്‍ വിലക്കുറവുള്ള ഫോണ്‍ എത്തിയത്. അതിനിടെ ഒരു വര്‍ഷം തികഞ്ഞ നോര്‍ഡിന്റെ പിന്‍ഗാമിയായി നോര്‍ഡ് 2നെ വണ്‍പ്ലസ് വില്പനക്കെത്തിച്ചു. നോര്‍ഡിനെ സമഗ്രമായി പരിഷ്‌കരിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് നോര്‍ഡ് 2. മാറ്റങ്ങള്‍ വിലയും കൂട്ടിയിട്ടുണ്ട്. 27,999 രൂപ മുതലാണ് വണ്‍പ്ലസ് നോര്‍ഡ് 2ന്റെ വില.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന്റെയും വില്പന (ഗ്രീന്‍ വുഡ്സ് നിറം ഒഴികെ) ഈ മാസം 28 മുതല്‍ ആരംഭിക്കും. അതെ സമയം വണ്‍പ്ലസ് റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്കും, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കും ഈ മാസം 26 മുതല്‍ തന്നെ വണ്‍പ്ലസ് നോര്‍ഡ് 2 വാങ്ങാം. അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെയും 12 ജിബി പതിപ്പിന്റെ ഗ്രീന്‍ വുഡ്സ് നിറത്തിന്റെയും വില്പന ഓഗസ്റ്റ് മാസത്തിലെ ആരംഭിക്കൂ.

90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുള്‍ എച്ഡി+ (1,080×2,400 പിക്‌സല്‍) ഫ്‌ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് കഴിഞ്ഞ വര്‍ഷം എത്തിയ നോര്‍ഡിന് എങ്കില്‍ നോര്‍ഡ് 2ന് 90Hz റിഫ്രഷ് റേറ്റും എച്ഡിആര്‍10+ സര്‍ട്ടിഫിക്കേഷനുമുള്ള 6.43-ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്. 20:9 ആസ്‌പെക്ട് റേഷ്യോ, 2400×1080 പിക്സല്‍ റസല്യൂഷന്‍, 410ppi പിക്‌സല്‍ ഡെന്‍സിറ്റി എന്നിവ ഈ ഡിസ്പ്ലേയ്ക്കുണ്ട്.

സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസ്സറിന് പകരം മീഡിയടെക് പ്രോസസ്സര്‍ ഉപയോഗിച്ച് വില്പനക്കെത്തുന്ന ആദ്യ വണ്‍പ്ലസ് ഫോണാണ് നോര്‍ഡ് 2. അടുത്തിടെ വിപണിയിലെത്തിയ റിയല്‍മി X7 മാക്സ് 5ജി, ഒപ്പോ റെനോ6 പ്രോ ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന മീഡിയടെക് ഡിമെന്‍സിറ്റി 1200 SoC പ്രോസസറിന്റെ ചെറിയ രീതിയില്‍ മാറ്റം വരുത്തിയ മീഡിയടെക് ഡിമെന്‍സിറ്റി 1200-എഐ SoC ആണ് നോര്‍ഡ് 2ന്റെ ഹൃദയം.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ ഓക്സിജന്‍ ഒഎസ് 11 ആണ് നോര്‍ഡ് 2ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഇനി വരുന്ന രണ്ട് പ്രധാന ആന്‍ഡ്രോയ്ഡ് ഒഎസ് അപ്‌ഡേയ്റ്റുകളും മൂന്ന് വര്‍ഷം സെക്യൂരിറ്റി അപ്‌ഡേയ്റ്റുകളും വണ്‍പ്ലസ് നോര്‍ഡ് 2ല്‍ ലഭിക്കും.

നോര്‍ഡിലെ 48 മെഗാപിക്‌സല്‍ സോണി IMX586 പ്രൈമറി സെന്‍സര്‍ നോര്‍ഡില്‍ 2വില്‍ 50 മെഗാപിക്‌സല്‍ സോണി IMX766 പ്രൈമറി സെന്‍സറിലേക്ക് മാറിയിട്ടുണ്ട്. കൂടുതല്‍ കൃത്യതയുള്ള ചിത്രങ്ങളും വിഡിയോകളും പകര്‍ത്താന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്) ഫീച്ചര്‍ ഈ സെന്‍സറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 8 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ് (119.7-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ), 2 മെഗാപിക്സല്‍ മോണോ ലെന്‍സ് എന്നിവയാണ് ട്രിപ്പിള്‍ പിന്‍ ക്യാമറയിലെ ബാക്കിയുള്ള ലെന്‍സുകള്‍. 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും വണ്‍പ്ലസ് നോര്‍ഡ് 2ല്‍ ഇടം പിടിച്ചിട്ടുണ്ട്.

65W വാര്‍പ്പ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് വണ്‍പ്ലസ് നോര്‍ഡ് 2വില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. വെറും 15 മിനിറ്റില്‍ ഒരു ദിവസം മുഴുവന്‍ ഫോണ്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററി ചാര്‍ജ് ചെയ്യാം എന്നാണ് വണ്‍പ്ലസിന്റെ അവകാശവാദം. 5ജി , 4 ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകള്‍.

 

Top