വണ്‍പ്ലസ് നോര്‍ഡ് 2 5ജി ജൂലൈ 22ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്‌ഫോണ്‍ ജൂലൈ 22ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ ആഴ്ച ആദ്യം വണ്‍പ്ലസ് വണ്‍പ്ലസ് നോര്‍ഡ് 2 5ജി വൈകാതെ അവതരിപ്പിക്കുമെന്നും മീഡിയടെക് ഡൈമെന്‍സിറ്റി 1200-എഐ എസ്ഒസിയോടെ വരുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് നിലവിലുള്ള ഡൈമെന്‍സിറ്റി 1200 ചിപ്പിന്റെ ട്വീക്ക് ചെയ്ത പതിപ്പായിരിക്കും. ഇന്ത്യയില്‍ ആമസോണിന്റെ പ്രൈം ഡേ സെയില്‍ സമയത്തായിരിക്കും വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിക്കുക എന്നാണ് സൂചനകള്‍. ജൂലൈ 26-27 വരെയാണ് ആമസോണിന്റെ പ്രൈം ഡേ സെയില്‍ നടക്കുന്നത്.

പ്രീമിയം മിഡ്‌റേഞ്ച് ഡിവൈസുകള്‍ പുറത്തിറങ്ങി ജനപ്രീതി നേടിയ വണ്‍പ്ലസിന്റെ ആദ്യത്തെ വില കുറഞ്ഞ ഫോണായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോര്‍ഡ്. ഈ സീരിസില്‍ അതിന് ശേഷവും ഡിവൈസ് പുറത്തിറക്കിയിട്ടുണ്ട് എങ്കിലും വണ്‍പ്ലസ് നോര്‍ഡിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് അവകാശപ്പെടാവുന്ന ഫോണായിരിക്കും വണ്‍പ്ലസ് നോര്‍ഡ് 2 5ജി. നോര്‍ഡ് ഡിവൈസുകള്‍ വില കുറഞ്ഞവായായതിനാല്‍ 30000 രൂപയില്‍ താഴെയാണ് ഈ ഡിവൈസിന് വില പ്രതീക്ഷിക്കുന്നത്.

നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഒരു ടിപ്പ്സ്റ്റര്‍ ഈ ഡിവൈസിന് സിഎന്‍വൈ 2,000 (ഏകദേശം 23,000 രൂപ) വിലയുണ്ടായിരിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. വണ്‍പ്ലസ് നോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത് 24,999 രൂപ വിലയുമായിട്ടാണ്. വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. 90 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുമടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും ഈ സ്മാര്‍ട്ട്‌ഫോണില്‍ കമ്പനി നല്‍കും. 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും സ്മാര്‍ട്ട്ഫോണിലുണ്ടായിരിക്കും. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. വണ്‍പ്ലസ് നോര്‍ഡ് 2 5ജിയില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.

 

 

Top