പുതിയ സ്മാര്‍ട്ട്‌ഫോണുകളും ഇയര്‍ബഡ്‌സും ഇന്ത്യയില്‍ ഇറക്കി വണ്‍പ്ലസ്

പുതിയ സ്മാര്‍ട്ട്‌ഫോണുകളും ഇയര്‍ബഡ്‌സും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ ബ്രാന്‍ഡായ വണ്‍പ്ലസ്. വണ്‍പ്ലസിന്റെ നോര്‍ഡ് സീരിസിലേക്ക് പുതിയതായി വണ്‍പ്ലസ് നോര്‍ഡ് 3, വണ്‍പ്ലസ് നോര്‍ഡ് സിഇ 3 എന്നിവയും നോര്‍ഡ് ബര്‍ഡ്‌സ് 2ആര്‍ ഇയര്‍ ഇയര്‍ബഡ്‌സുമാണ് കമ്പനി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

മീഡിയടെക് ഡൈമെന്‍സിറ്റി 9000 ചിപ്സെറ്റ് കരുത്തില്‍, 16 ജിബി റാമോടുകൂടിയാണ് വണ്‍പ്ലസ് നോര്‍ഡ് 3 എത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോര്‍ഡ് 2ടിയെക്കാള്‍ വില കൂടുതലാണ് എങ്കിലും ഒട്ടനവധി പുത്തന്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് വണ്‍പ്ലസ് നോര്‍ഡ് 3 പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിലാണ് വണ്‍പ്ലസ് നോര്‍ഡ് 3 എത്തുന്നത്. അതില്‍ ഏറ്റവും കുറഞ്ഞ മോഡല്‍ 8ജിബി LPDDR5X റാമും 128ജിബി ഇന്റേണല്‍ സ്റ്റോറേജും അടങ്ങുന്നതാണ്. നോര്‍ഡ് 3യുടെ ഉയര്‍ന്ന വേരിയന്റില്‍ 16 ജിബി LPDDR5X റാമും 256ജിബി UFS 3.1 സ്റ്റോറേജും നല്‍കിയിരിക്കുന്നു.

120Hz റിഫ്രഷ്‌റേറ്റുള്ള 6.74 ഇഞ്ച് സൂപ്പര്‍ ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് നോര്‍ഡ് 3യിലുള്ളത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ഒഎസ് 13.1-ലാണ് നോര്‍ഡ് 3യുടെ പ്രവര്‍ത്തനം. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഒഐഎസ് പിന്തുണയുള്ള സോണി IMX890 സെന്‍സര്‍ ഉപയോഗിക്കുന്ന 50 എംപി പ്രൈമറി ക്യാമറയും 8 എംപി സോണി IMX355 വൈഡ് ആംഗിള്‍ ക്യാമറയും 2എംപി മാക്രോ ക്യാമറയും അടങ്ങുന്നതാണ് നോര്‍ഡ് 3യിലെ റിയര്‍ക്യാമറ സജ്ജീകരണം. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 എംപി ക്യാമറയും നല്‍കിയിരിക്കുന്നു.

ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, അലേര്‍ട്ട് സ്ലൈഡര്‍, ഫേസ് ഐഡി, സ്റ്റീരിയോ സ്പീക്കറുകള്‍, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍ തുടങ്ങി ഒട്ടേറെ ഫീച്ചറുകളും നോര്‍ഡ് 3യില്‍ നല്‍കിയിട്ടുണ്ട്. 3 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും നോര്‍ഡ് 3യ്ക്ക് ലഭിക്കുമെന്ന് വണ്‍പ്ലസ് പറയുന്നു.

അതേസമയം സ്നാപ്ഡ്രാഗണ്‍ 782G ചിപ്‌സെറ്റ് കരുത്തിലാണ് നോര്‍ഡ് സിഇ 3 എത്തുന്നത്. 120Hz പുതുക്കല്‍ നിരക്കുള്ള 6.7 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസ് 13.1 ല്‍ ആണ് പ്രവര്‍ത്തനം. സോണി IMX890 കരുത്തുള്ള 50 എംപി ക്യാമറയാണ് നോര്‍ഡ് സിഇ 3യുടെ റിയര്‍ ക്യാമറ വിഭാഗത്തെ നയിക്കുന്നത്. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും ഇതോടൊപ്പമുണ്ട്. പിന്‍ പാനലിന്റെ മുകളില്‍ ഇടത് വശത്തായി രണ്ട് വൃത്താകൃതിയിലുള്ള മൊഡ്യൂളുകളിലായാണ് മൂന്ന് ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്. ലെന്‍സുകള്‍ക്കൊപ്പം എല്‍ഇഡി ഫ്‌ലാഷും പിന്‍ പാനലിന്റെ മധ്യഭാഗത്ത് വണ്‍പ്ലസ് ബ്രാന്‍ഡിംഗും ഉണ്ട്.

8ജിബി റാം+ 128ജിബി ഇന്റേണല്‍ സ്റ്റോറേജ്, 12ജിബി റാം+ 256ജിബി UFS 3.1 സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളാണ് നോര്‍ഡ് സിഇ 3യ്ക്കുള്ളത്. 80W SUPERVOOC ചാര്‍ജിംഗ് പിന്തുണയുള്ള 5,000എംഎഎച്ചിന്റേതാണ് ബാറ്ററി. 15 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. അക്വാ സര്‍ജ്, ഗ്രേ ഷിമ്മര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

12.4 എംഎം എക്‌സ്ട്രാ ലാര്‍ജ് ഡ്രൈവറുകള്‍, ഡോള്‍ബി അറ്റ്മോസ്, ഡ്യുവല്‍ മൈക്കുകള്‍, എഐ ക്ലിയര്‍ കോള്‍ അല്‍ഗോരിതം തുടങ്ങി ഒട്ടേറെ ഫീച്ചറുകള്‍ ആണ് 2ആര്‍ ഇയര്‍ബഡ്‌സിലുള്ളത്. സൗണ്ട് മാസ്റ്റര്‍ ഇക്വലൈസറുമായിട്ടാണ് ഈ ഇയര്‍ബഡ്‌സ് വരുന്നത്. ബാലന്‍സ്ഡ്, ബാസ്, ബോള്‍ഡ് എന്നിങ്ങനെ മൂന്ന് മോഡുകള്‍ ഇതിലുണ്ട്.

വണ്‍പ്ലസ് നോര്‍ഡ് 3യുടെ അടിസ്ഥാന മോഡലിന് 33999 രൂപയും ഉയര്‍ന്ന മോഡലിന് 37999 രൂപയുമാണ് വില. വണ്‍പ്ലസ് നോര്‍ഡ് സിഇ 3യുടെ അടിസ്ഥാന മോഡലിന് 26999 രൂപയും ടോപ്പ് എന്‍ഡ് മോഡലിന് 28999 രൂപയും നല്‍കേണ്ടിവരും. 2,199 രൂപയാണ്
വണ്‍പ്ലസ് നോര്‍ഡ് ബഡ്‌സ് 2ആര്‍ ഇയര്‍ബഡ്‌സിന് നിശ്ചയിച്ചിരിക്കുന്നത്.

Top