വണ്‍പ്ലസ് 9RT ഇന്ത്യന്‍ വിപണിയിലേക്ക് !

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് തങ്ങളുടെ പുത്തന്‍ ഫോണ്‍ വണ്‍പ്ലസ് 9RTയെ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. മാര്‍ച്ചില്‍ ഇന്ത്യയിലും വില്പനക്കെത്തിയ വണ്‍പ്ലസ് 9R പതിപ്പിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വണ്‍പ്ലസ് 9RT. അരങ്ങേറ്റം ചൈനീസ് വിപണിയിലാണെങ്കിലും ഉടന്‍ ഇന്ത്യന്‍ വിപണയിലെത്താന്‍ ഒരുങ്ങുകയാണ് വണ്‍പ്ലസ് 9RT.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 3,299 യുവാന്‍ (ഏകദേശം 38,600 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,499 യുവാന്‍ (ഏകദേശം 40,900 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,799 യുവാന്‍ (ഏകദേശം 44,400 രൂപ) എന്നിങ്ങനെയാണ് വണ്‍പ്ലസ് 9RTയുടെ വിലകള്‍. അതെ സമയം ഇന്ത്യയിലെത്തുമ്പോള്‍ വണ്‍പ്ലസ് 9RTയ്ക്ക് 40,000 രൂപ മുതല്‍ 44,000 രൂപ വരെയായിരിക്കും വില എന്ന് പ്രശസ്ത ടിപ്സ്റ്റര്‍ യോഗേഷ് ബ്രാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുമാണ് ഇന്ത്യയിലെത്താന്‍ സാദ്ധ്യത.

ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമായ കളര്‍ ഒഎസിലാണ് വണ്‍പ്ലസ് 9RT പ്രവര്‍ത്തിക്കുന്നത്. ഹാന്‍ഡ്‌സെറ്റിന്റെ 6.62 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍സ്) സാംസങ് E4 അമോലെഡ് ഡിസ്പ്ലേയ്ക്ക് 20:9 ആസ്‌പെക്ട് റേഷ്യോയും, 1300 നിറ്റ് പീക്ക് ബ്രൈറ്റ്‌നസും, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുണ്ട്. കൂടാതെ 1300 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റും ഡിസിഐ 100 ശതമാനം ഡിസിഐ-പി 3 കളര്‍ ഗാമറ്റിനൊപ്പം ഈ ഡിസ്പ്ലേയ്ക്കുണ്ട്.

2 ജിബി വരെ LPDDR5 റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസ്സറാണ് വണ്‍പ്ലസ് 9RTയ്ക്ക്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറിനൊപ്പം, വണ്‍പ്ലസ് 9RTക്ക് 16 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും എഫ്/2.2 അള്‍ട്രാ വൈഡ് ലെന്‍സും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറുമുണ്ട്. 4K വീഡിയോ റെക്കോര്‍ഡിംഗ് ഈ ക്യാമറ പിന്തുണയ്ക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 471 സെല്‍ഫി ക്യാമറയാണ്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (EIS) ഈ ക്യാമറയ്ക്കുണ്ട്.

വണ്‍പ്ലസ് 9RT-ല്‍ ഡോള്‍ബി അറ്റ്‌മോസ് പിന്തുണയ്ക്കൊപ്പം ഇരട്ട സ്റ്റീരിയോ സ്പീക്കറുകള്‍ നല്‍കിയിട്ടുണ്ട്. 4,500 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 65T വാര്‍പ്പ് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

 

Top