നിറം മാറുന്ന ബാക്ക് പാനൽ, ബ്രീത്തിങ് മോണിറ്റർ; വൺപ്ലസ് 8T കോൺസെപ്റ്റ്

2020 അവസാനിക്കുമ്പോൾ പുതിയ കോൺസെപ്റ്റ് ഫോണുമായി എത്തിയിരിക്കുകയാണ് ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ്. വൺപ്ലസ് 8T കോൺസെപ്റ്റ് എന്നാണ് ഈ പുതിയ കോൺസെപ്റ്റ് ഫോണിന്റെ പേര്. ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഇലക്ട്രോക്രോമിക് ഗ്ലാസ്, ഇൻവിസിബിൾ കാമറ തുടങ്ങിയ ഫീച്ചറുകളുള്ള ആദ്യ കോൺസെപ്റ്റ് ഫോണായ വൺപ്ലസ് കോൺസെപ്റ്റ് വൺ കമ്പനി അവതരിപ്പിച്ചത്. ഷെൻസിൻ, തായ്പേയ്, ന്യൂയോർക്ക്, ഇന്ത്യ എന്നിവിടങ്ങളിലെ 39 വൺപ്ലസ് ഡിസൈനർമാരുടെ കരവിരുതിലൂടെയാണ് വൺപ്ലസ് 8T കോൺസെപ്റ്റ് യാഥാർഥ്യമായത്. നിറം മാറുന്ന ബാക്ക് പാനൽ, മില്ലിമീറ്റർ വേവ് (mmWave) റഡാർ മൊഡ്യൂൾ, ബ്രീത്തിങ് മോണിറ്റർ എന്നിവയാണ് വൺപ്ലസ് 8T കോൺസെപ്റ്റ് ഫോണിന്റെ ആകർഷണങ്ങൾ.

വൺപ്ലസ് 8T-യിലെ ഗ്ലാസ് ബാക്കിന് പകരം, പ്രകൃതിദത്ത ഘടകങ്ങളിൽ നിന്നുള്ള പാറ്റേണുകൾ ഉൾക്കൊള്ളുന്ന വ്യത്യസ്തമായ ബാക്ക് ആണ് വൺപ്ലസ് 8T കോൺസെപ്റ്റിന്റെ സവിശേഷത. ഗ്ലാസ് പാനലിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ഈ പാറ്റേണുകളിൽ മെറ്റൽ ഓക്സൈഡ് അടങ്ങിയിരിക്കുന്നു. മെറ്റൽ ഓക്സൈഡ് സജീവമാകുമ്പോൾ ബാക്ക് പാനൽ ഇരുണ്ട നീലയിൽ നിന്ന് ഇളം സിൽവേറിലേക്ക് മാറും. നോട്ടിഫിക്കേഷനുകൾ വരുമ്പോഴാണ് ഈ നിറം മാറ്റം ഉണ്ടാകുക. മില്ലിമീറ്റർ വേവ് (mmWave) റഡാർ മൊഡ്യൂൾ ആണ് വൺപ്ലസ് 8T കോൺസെപ്റ്റിലെ മറ്റൊരു സാങ്കേതിക വിദ്യ. ഇലക്ട്രോമാഗ്നെറ്റിക് വേവുകളെ ട്രാൻസ്മിറ്റ് ചെയ്യാനും റിസീവ് ചെയ്യാനും ഈ സംവിധാനം സഹായിക്കുന്നു. 5ജി യുഗത്തിലെ ഫോണുകളിൽ ഹാൻഡ്‌സ് ഫ്രീ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവും മില്ലിമീറ്റർ വേവ് (mmWave) എന്നാണ് കരുതുന്നത്. ഈ സവിധാനമുണ്ടാകുമ്പോൾ സ്മാർട്ട്ഫോണിൽ തൊടാതെ തന്നെ കൈകളുടെ ആംഗ്യം കൊണ്ട്തന്നെ പല ഫീച്ചറുകളും പ്രവർത്തിപ്പിക്കാൻ സാധിക്കും.

ആംഗ്യം കൊണ്ട് നിയന്ത്രണങ്ങൾ പ്രവർത്തനക്ഷമമാക്കാൻ ഇൻബിൽറ്റ് റഡാറിന് 5ജി എംഎം വേവ് നെറ്റ്‌വർക്കുകൾ ആവശ്യമില്ല. 5ജി ഇപ്പോഴും പ്രവർത്തനം തുടങ്ങാത്ത ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ പോലും പുതിയ സാങ്കേതികവിദ്യയ്ക്ക് പ്രവർത്തിക്കാനാകും. മില്ലിമീറ്റർ വേവ് (mmWave) മൊഡ്യൂളിന് നിങ്ങളുടെ ശ്വസനം രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും വൺപ്ലസ് പറയുന്നു. ശ്വസന സമയത്ത് നെഞ്ചിലെ മില്ലിമീറ്റർ ലെവൽ ചലനം രേഖപ്പെടുത്തുന്നതിന് ശ്വസനം അളക്കാൻ മൊഡ്യൂൾ സോഫ്റ്റ്വെയർ അൽഗോരിതം ഉപയോഗിക്കുന്നു. ഇതനുസരിച്ച് ബാക്ക് പാനലിലെ നിറങ്ങൾ മാറും. തത്കാലം വൺപ്ലസ് 8T കോൺസെപ്റ്റ് ഒരു കോൺസെപ്റ്റ് മാത്രമായി തന്നെ തുടരും. അതെ സമയം ഭാവിയിലെ വൺപ്ലസ് ഫോണുകളിൽ 8T കോൺസെപ്റ്റിൽ അവതരിപ്പിച്ച പല ഫീച്ചറുകളും ഇടം പിടിച്ചേക്കും.

Top