കൊവിഡ് രോഗികള്‍ 1ലക്ഷം കടന്നു; ഏഷ്യയില്‍ കൂടുതല്‍ രോഗവ്യാപനമുള്ള രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 101,328 പേര്‍ക്ക് കോവിഡ് ബാധിതോടെ ഏഷ്യയില്‍തന്നെ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള രാജ്യമായി ഇന്ത്യമാറി. ഇന്ത്യയില്‍ കോവിഡ് ബാധിച്ച 1 ലക്ഷം പേരില്‍ 3,000ത്തോളം പേര്‍ മരിച്ചെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ചമാത്രം 5,242 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടിരുന്നു.

മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായെന്നും ബ്ലൂംബര്‍ഗിന്റെ കോവിഡ് ഡേറ്റയില്‍ പറയുന്നു. അതേസമയം, പാകിസ്താനില്‍ ഇതുവരെയായി അവിടെ 42,125 പേര്‍ക്ക് രോഗം ബാധിക്കുകയും 903 പേര്‍ മരിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടയില്‍ 19 ശതമാനം രോഗികളാണ് പാകിസ്താനില്‍ കൂടിയത്.

വെല്ലുവിളി വളരെ വലുതാണെന്നും കൊറോണയെ പ്രതിരോധിക്കാന്‍ ദ്വിമുഖതന്ത്രം ആവശ്യമാണെന്നും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ അഡീഷണല്‍ പ്രൊഫസര്‍ രാംമോഹന്‍ പാണ്ഡ പറയുന്നു. സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുത്തപ്പോള്‍തന്നെ കോവിഡ് വ്യാപനം ശക്തമാകുമെന്നു പ്രതീക്ഷിച്ചതാണ്. താഴ്ന്ന വരുമാനക്കാരുടെ പ്രശ്‌നങ്ങള്‍ക്കു മുന്‍ഗണന നല്‍കുകയും കൊറോണപ്രതിരോധ നടപടികള്‍ക്ക് സബ്ജില്ലാതലത്തില്‍ ഊന്നല്‍ നല്‍കുകയുമാണ് മാര്‍ഗമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Top