ക്യാപിറ്റോള്‍ കലാപത്തിന് ഒരാണ്ട്; ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

ക്യാപിറ്റോള്‍ കലാപത്തിന് ഒരാണ്ട് തികയുന്ന ദിനത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെ ജനാധിപത്യത്തേക്കാള്‍ ട്രംപിന് വലുത് വിജയമായിരുന്നെന്നും. ക്യാപിറ്റള്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചവര്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ തൊണ്ടയില്‍ കഠാര പിടിച്ചവരാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

ട്രംപ് അനുകൂലികള്‍ ആക്രമിച്ച നാഷണല്‍ സ്റ്റാച്വറി ഹാളില്‍ നടന്ന പരിപാടിയിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. 2021 ജനുവരി 6 ബുധനാഴ്ച, അമേരിക്കയുടെ ജനാധിപത്യചരിത്രത്തെ സംബന്ധിച്ച് ഒരു കരിദിനമാണ്. 2020ലെ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ ഇലക്ടറല്‍ വോട്ട് വിജയം സാക്ഷ്യപ്പെടുത്താനായി യു.എസ് ക്യാപിറ്റലില്‍ സംയുക്ത സമ്മേളനം ചേര്‍ന്നതിന് ശേഷമുണ്ടായ കാര്യങ്ങള്‍ ലോക ജനത ഇന്നും മറന്ന് കാണില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല നീക്കങ്ങളും സമ്മര്‍ദങ്ങളും വിഫലമായ ദിനമായിരുന്നു അന്ന്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന വസ്തുത അംഗീകരിക്കാതെ ട്രംപ് അനുകൂലികള്‍ ഭരണസിരാകേന്ദ്രത്തിലേക്ക് പ്രതിഷേധവുമായി അതിക്രമിച്ചുകയറി. കലാപത്തിന് ആഹ്വാനം ചെയ്തതിന് ട്രംപിനെ ഇംപീച്ച് ചെയ്തു. ക്യാപിറ്റോള്‍ അക്രമത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുണ്ടദിനത്തിന്റെ ശേഷിപ്പ് ഈ ഒരാണ്ടിനിപ്പുറവും അമേരിക്കയുടെ ചരിത്രത്തില്‍ മായാതെ കിടക്കുകയാണ്.

 

Top