ഒരു വര്‍ഷം ഒരു ഇലക്ഷന്‍; ബദല്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് ബദല്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ഒരു വര്‍ഷം ഒരു ഇലക്ഷന്‍ എന്ന ആശയമാണ് ഇലക്ഷന്‍ കമ്മീഷന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്തുന്നത് സംബന്ധിച്ച് നിയമ കമ്മീഷന് അയച്ച കത്തിനുള്ള പ്രതികരണമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആശയം അവതരിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുമ്പോഴുള്ള അഞ്ച് ഭരണഘടനാ പ്രശ്‌നങ്ങള്‍, 14 സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് നിയമ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്.

നിയമ, സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ സാധിച്ചാല്‍ ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതിനുള്ള പിന്തുണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചു. ഒരു വര്‍ഷത്തിനിടയിലുള്ള എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ അടുത്തടുത്ത് കാലാവധി അവസാനിക്കുന്ന സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഒന്നിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. എന്നാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് 6 മാസത്തില്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനാകില്ല. ഇതില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതോ പത്തോ മാസം മാറ്റിവെച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് ആലോചന.

Top