ജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ‘മൂന്ന് സര്‍ക്കാരിന്റെ’ ഗുണം കിട്ടും, കച്ചകെട്ടി ബിജെപി!

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്നായതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥികളെല്ലാം ഇപ്പോള്‍ നെട്ടോട്ടത്തിലാണ്. എന്നാല്‍ വീണ്ടും ഇന്ദ്രപ്രസ്ഥത്തിലെ നായകനാകാനുള്ള തയ്യാറെടുപ്പിലാണ് കെജരിവാള്‍.

70 സീറ്റുകളിലേക്കുമുള്ള തങ്ങളുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും ലിസ്റ്റ് ഒന്നിച്ച് പുറത്തുവിട്ട് ഞെട്ടിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ് ഇതുവരെ 61 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയാകട്ടെ 67 പേരുടെയും. ബിജെപി ആദ്യം 57 പേരുടെ വിവരങ്ങള്‍ അടങ്ങിയ പ്രാഥമിക ലിസ്റ്റ് പുറത്തിറക്കിയിരുന്നു. എന്നാല്‍ അതില്‍ കെജ്രിവാളിനോട് ഏറ്റുമുട്ടുന്നയാളുടെ പേര് ഇല്ലായിരുന്നു. ഇത് ആം ആദ്മിക്ക് ബിജെപിയെ പരിഹസിക്കാനുള്ള ആയുധമായിരുന്നു.

‘ആരാണ് ബിജെപി സ്ഥാനാര്‍ഥി?’ എന്ന് ചോദിക്കുന്ന ഒരു കാര്‍ട്ടൂണ്‍, ട്വീറ്റ് ചെയ്താണ് ബിജെപിയെ ആം ആദ്മി പാര്‍ട്ടി പരിഹസിച്ചിരുന്നത്.

ഇന്നലെ വീണ്ടും പത്തുപേരടങ്ങുന്ന രണ്ടാമത്തെ ലിസ്റ്റ് ബിജെപി പുറത്തുവിട്ടിരുന്നു. കെജ്രിവാളിനെ എതിര്‍ക്കാന്‍ ബിജെപി കണ്ടെത്തിയിരിക്കുന്നത് യുവ നേതാവായ സുനില്‍ യാദവിനെയാണ്. സാധാരണ ഒരാളെ ഇറക്കിയാല്‍ കെജരിവാളിനെ പൂട്ടാന്‍ കഴിയില്ലെന്നകാര്യം ബിജെപിക്ക് ഉറപ്പാണ്. ഭാരതീയ ജനതാ യുവ മോര്‍ച്ച എന്ന ബിജെപിയുടെ യുവജന സംഘടനയുടെ പ്രസിഡന്റാണ്‌ സുനില്‍ യാദവ്. ഡല്‍ഹിയെ കുറിച്ച് വ്യക്തമായ ധാരണ ഈ യുവാവിനുണ്ട് എന്നാണ് ബിജെപിയുടെ വാദം.

സുനിലിന്റെ വരവ് തന്നെ വമ്പന്‍ ഓഫറുകളുമായാണ്. ‘ഒറ്റവോട്ടിന്, മൂന്നു സര്‍ക്കാര്‍’ എന്നതാണ് വാഗ്ദാനം. ഡല്‍ഹിയില്‍ തനിക്കും, ബിജെപിക്കും വോട്ടുനല്‍കി അധികാരത്തിലേറിയാല്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ലഭിക്കുക മൂന്നു സര്‍ക്കാരുകളാകും എന്നാണ് സുനിലിന്റെ പ്രഖ്യാപനം.

ഒന്ന് – സംസ്ഥാന സര്‍ക്കാര്‍, രണ്ട് – ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മൂന്ന് – കേന്ദ്രത്തിലെ സര്‍ക്കാര്‍. ഈ മൂന്നു സര്‍ക്കാരുകളുടെയും നിര്‍ലോഭമായ സഹകരണം തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ നേടിനല്‍കാം എന്ന് സുനില്‍ യാദവ് വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുകയാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയില്‍ യുവ മോര്‍ച്ച നടത്തുന്ന ‘ആപ് കെ പാപ്’ അഥവാ ആം ആദ്മി പാര്‍ട്ടിയുടെ പാപങ്ങള്‍ എന്ന ക്യാമ്പെയ്‌നിന്റെ പിന്നില്‍ സുനില്‍ തന്നെയാണ്.

Top