വണ്‍ . . ടു . . ത്രീ . . പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തെറിച്ചത് മൂന്ന് ‘വിക്കറ്റ്’

തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി തോമസ് ചാണ്ടി കൂടി രാജിവെച്ചതോടെ പിണറായി മന്ത്രിസഭയില്‍ നിന്നും ഒന്നര വര്‍ഷത്തിനുള്ളില്‍ തെറിച്ചത് മൂന്ന് മന്ത്രിമാര്‍.

ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും വ്യവസായ മന്തിയുമായിരുന്ന ഇ.പി.ജയരാജനാണ് ആദ്യം രാജിവച്ചത്.

പിന്നീട് ഫോണ്‍ കെണി വിവാദത്തില്‍പ്പെട്ട് ഘടക കക്ഷിയായ എന്‍.സി.പിയുടെ മന്ത്രിയായ എ.കെ ശശീന്ദ്രനും രാജിവച്ചു.

ഈ രണ്ടു പേര്‍ക്കും ലഭിക്കാത്ത പരിഗണന സര്‍ക്കാറില്‍ നിന്നും ലഭിച്ചത് തോമസ് ചാണ്ടിക്കാണ് എന്നതാണ് വിരോധാഭാസം.

സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനും ശശീന്ദ്രനും കാണിച്ച ധാര്‍മികത രാജിക്കാര്യത്തില്‍ തോമസ് ചാണ്ടി കാണിച്ചില്ല.

തുടര്‍ന്ന് ഹൈക്കോടതിക്ക് രൂക്ഷമായി ഇടപെടേണ്ട സാഹചര്യമുണ്ടായതോടെയാണ് ചാണ്ടി രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത്.

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജനങ്ങള്‍ അധികാരത്തിലേറ്റിയ ഇടത് സര്‍ക്കാരില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടി വന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

ഇ.പി.ജയരാജനെ പിന്നീട് കോടതി കുറ്റവിമുക്തമാക്കിയെങ്കിലും ഒരു കമ്യൂണിസ്റ്റുകാരന്‍ പുലര്‍ത്തേണ്ട ജാഗ്രത ബന്ധുനിയമനത്തില്‍ അദ്ദേഹം കാണിച്ചില്ല എന്ന പാര്‍ട്ടി വിലയിരുത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ശശീന്ദ്രന്റെ കേസിലാകട്ടെ പരാതിക്കാരി കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

ഈ കേസ് പിന്‍വലിക്കപ്പെട്ടാല്‍ പോലും ശശീന്ദ്രന്റെ ഫോണ്‍ സല്ലാപം പുറത്തായതിനാല്‍ ശശീന്ദ്രനും തിരിച്ച് മന്ത്രിസഭയില്‍ കയറുക പ്രയാസകരം തന്നെയാണ്.

പ്രത്യേകിച്ച് സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍.

പുതിയ സാഹചര്യത്തില്‍ വളരെ ശ്രദ്ധയോടെ മാത്രം മേലില്‍ കാര്യങ്ങളില്‍ ഇടപെടാന്‍ പാടൊള്ളൂ എന്ന് ഇടതുമുന്നണി നേതൃത്വം മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പിണറായി സര്‍ക്കാറിലെ മൂന്ന് വിക്കറ്റ് ഒന്നര വര്‍ഷത്തിനുള്ളില്‍ തെറിച്ചത് പ്രതിപക്ഷത്തെ സംബന്ധിച്ച് ഇപ്പോള്‍ വലിയ പ്രചരണ ആയുധമായിരിക്കുകയാണ്.

Top