വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി; വിമുക്ത ഭടന്മാര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന് വിധി

ഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നയം ചോദ്യം ചെയ്ത് വിമുക്ത ഭടന്മാര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. വിമുക്ത ഭടന്മാരുടെ ദേശീയ കൂട്ടായ്മയായ ഇന്ത്യന്‍ എക്‌സ്-സര്‍വീസ്മെന്‍ മൂവ്‌മെന്റ് തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.

ഭഗത് സിംഗ് കോശിയാരി സമിതി ശുപാര്‍ശ ചെയ്ത വാര്‍ഷിക റിവിഷന്‍ നടപ്പാക്കണമെന്നാണ് വിമുക്ത ഭടന്മാരുടെ ആവശ്യം. നിലവില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പുനഃപരിശോധനയെന്ന കേന്ദ്രനയം റദ്ദാക്കണം. പെന്‍ഷന്‍ പുനഃപരിശോധന അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്നത് കുറച്ചാല്‍ വിമുക്ത ഭടന്മാരുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് വാദം കേള്‍ക്കവേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്ത് തീരുമാനമെടുത്താലും സാമാന്യ യുക്തിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അഞ്ച് വര്‍ഷം എന്ന കാലപരിധി ന്യായമുള്ളതാണെന്നും, സാമ്പത്തിക വിഷയങ്ങള്‍ പരിഗണിച്ചാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

 

Top