‘വാർഡ് തലം മുതൽ സംസ്ഥാന തലം വരെ ഒരാൾക്ക് ഒരു പദവി’; മുസ്ലീം ലീഗ്

കോഴിക്കോട്: സംഘടനരംഗത്ത് സമൂല മാറ്റത്തിനൊരുങ്ങി മുസ്ലിം ലീഗ്. വാർഡ് തലം മുതൽ സംസ്ഥാന തലം വരെ ഒരാൾക്ക് ഒരു പദവി ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ മുസ്ലീം ലീഗിൽ കർശനമായി നടപ്പിലാക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. പാർട്ടി പുനസംഘടനയ്ക്ക് മുന്നോടിയായി ഒരു മാസം നീണ്ടു നിൽക്കുന്ന അംഗത്വ കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി.

ഏതെങ്കിലും ഭരണ പദവി വഹിക്കുന്നവർക്ക് സംഘടനാ ഭാരവാഹിത്വമില്ല.പ്രസിഡന്റ് ജനറൽ സെക്രട്ടറി പദവികൾ ഒരാൾക്ക് തുടർച്ചയായി മൂന്ന് ടേം വഹിക്കാനാവില്ല.ഇത്തരം മാർഗ നിർദേശങ്ങൾ അംഗത്വ കാമ്പയിന് മുന്നോടിയായി കീഴ്ഘടകങ്ങൾക്ക് സംസ്ഥാന സെക്രട്ടറി കൈമാറിയിരുന്നു. മുസ്ലീം ലീഗിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന നിർദേശങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

കാലോചിതമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ ഭരണഘടനാ ഭേദഗതിയിൽ വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് പറയാത്തതിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു.അംഗത്വ കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ഡിസംബർ 31 നകം വാർഡ് കമ്മിറ്റി, ഫെബ്രുവരി 15 നകം ജില്ലാ കമ്മിറ്റി, ഫെബ്രുവരി 28 നകം പുതിയ സംസ്ഥന കമ്മിറ്റി തുടങ്ങിയവ നിലവിൽ വരുന്ന തരത്തിലാണ് കാമ്പയിൻ പ്രവർത്തനം.

Top