കോന്നിയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

പത്തനംതിട്ട: കോന്നിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. കോന്നി സ്വദേശിയായ അതുല്‍ കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ക്ക് കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ തട്ട് പൊളിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കിഴക്കേമുറിയില്‍ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിച്ച ഇരുനില കെട്ടിടമാണ് തകര്‍ന്നു വീണത്.

മുകള്‍ നിലയിലെ തട്ട് പൊളിക്കുന്നതിനിടെ ഭിത്തിയുടെയും കോണ്‍ക്രീറ്റിന്റെയും ഇടയില്‍ അതുല്‍ കൃഷ്ണ കുടുങ്ങിപ്പോവുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് വച്ചു തന്നെ അതുല്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളിലാര്‍ക്കും പരിക്കേറ്റിട്ടില്ല.

അപകടം നടന്ന വീടിന് തൊട്ടടുത്താണ് അതുലിന്റെയും വീട്. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പ് തട്ട് പൊളിച്ചതാവും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേയ്ക്ക് മാറ്റി.

Top