തൊടുപുഴയിലെ കൂട്ടകൊലപാതകത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍

ഇടുക്കി : ഇടുക്കി വണ്ണപ്പുറത്തിനും സമീപം കമ്പകക്കാനത്ത് കാനാട്ടുവീട്ടില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ പൊലീസ് പിടിയില്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരുടെ തലയ്‌ക്കേറ്റ മാരകമായ മുറിവുകളാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇവരുടെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നെന്ന് തെളിഞ്ഞു.

വളരെ കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നിലധികം പേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. ചുറ്റിക, വടിവാള്, വാക്കത്തി തുടങ്ങിയ ആയുധങ്ങളാണ് കൊലയാളികള്‍ ഉപയോഗിച്ചിരിക്കുന്നത്. നാലു പേരുടെയും തലയിലും കഴുത്തിലും ചുറ്റിക കൊണ്ട് അടിച്ചതിന് ശേഷം വടിവാളു കൊണ്ട് പലയാവര്‍ത്തി വെട്ടുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

നാലു പേരുടെ ദേഹത്തും 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ചു രവീന്ദ്രന്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

മാരകമായ അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകര്‍ന്നിരുന്നു. മകന്‍ അര്‍ജുന്റെ തലയില്‍ 17 വെട്ടുകളുണ്ടായിരുന്നു. വയറില്‍ കുത്തേറ്റ് അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. മകള്‍ ആര്‍ഷയുടെ മൂന്നു കൈവിരലുകള്‍ അറ്റ നിലയിലായിരുന്നു. ഭാര്യയുടെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

Top