സംസ്ഥാനത്ത് ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചു

കരിപ്പൂര്‍: സംസ്ഥാനത്ത് ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചു. ഡിസംബര്‍ 14ന് ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ എത്തിയ മംഗളൂരു സ്വദേശിയായ 36കാരനാണ് ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഷാര്‍ജയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് എറണാകുളത്തെത്തിയ ദമ്പതികള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ എട്ടിന് യുഎഇയില്‍ നിന്ന് ഷാര്‍ജ വഴി എറണാകുളത്ത് എത്തിയ ദമ്പതികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ ഇല്ലാത്തതിനാല്‍ ഇവര്‍ ക്വാറന്റീന് പകരം സ്വയം നിരീക്ഷണത്തിലായിരുന്നു.

11നും 12നും നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവും , ജനിതക പരിശോധനയില്‍ ഒമിക്രോണ്‍ പോസിറ്റിവും ആവുകയായിരുന്നു. ഭര്‍ത്താവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 6 പേരും, ഭാര്യയുടെ സമ്പര്‍ക്ക പട്ടികയില്‍ ഒരാളുമാണ് ഉള്ളത്. വിമാനത്തില്‍ അടുത്ത് യാത്ര ചെയ്തവരെ അടക്കം ഹൈറിസ്‌കില്‍ ഉള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ എട്ടായി. ഇവരില്‍ നാല് പേരാണ് റിസ്‌ക് രാജ്യങ്ങളില്‍ നിന്നല്ലാതെ എത്തി ഒമിക്രോണ്‍ സ്ഥീരികരിവര്‍. റിസ്‌ക് രാജ്യങ്ങളില്‍ നിന്നല്ലാത്തവരില്‍ സ്വയം നിരീക്ഷണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. 14 ദിവസം കര്‍ശനമായി സ്വയം നിരീക്ഷണത്തില്‍ തുടരാനാണ് നിര്‍ദേശം. രാജ്യത്ത് ഇതുവരെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നൂറ് കടന്നതോടെ കേരളത്തിലേതടക്കം രോഗവ്യാപനം കൂടിയ 19 ജില്ലകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗവ്യാപനം ആശങ്കയാകുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Top