കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

മീററ്റ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കോടതിയില്‍ കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വികാസ് എന്ന പ്രതി വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

മറ്റൊരു പ്രതിയായ ലഖാന് പരിക്കേറ്റു. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. സുരക്ഷക്ക് ഒപ്പം പോയ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്താണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. മീററ്റ് പൊലീസ് സര്‍വയലന്‍സ് ഡിപ്പാര്‍ട്ട്മെന്റും സര്‍ധാന പൊലീസ് സ്റ്റേഷനിലെ ജീവനക്കാരുമാണ് എന്‍കൗണ്ടറില്‍ പങ്കെടുത്തത്.

കപ്സാഡ് ഗ്രാമത്തില്‍ വെച്ചാണ് പ്രതികളെ വെടിവെച്ചത്. പ്രതികളാണ് ആദ്യം വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ കൂട്ടബലാത്സംഗത്തിനിരയായ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.

വീട്ടിലേക്ക് മടങ്ങും വഴി നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കി. തുടര്‍ന്ന് ലഖാന്‍, വികാസ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഭവം ഉത്തര്‍പ്രദേശില്‍ വിവാദമായി. സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

 

Top