ലഷ്‌കർ ഇ തൊയ്ബയുടെ പ്രമുഖ നേതാക്കളിലൊരാളായ മുഫ്തി ഖൈസർ ഫാറൂഖ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കറാച്ചി : പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ (എൽഇടി) പ്രമുഖ നേതാക്കളിലൊരാളായ മുഫ്തി ഖൈസർ ഫാറൂഖ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുഫ്തി ഖൈസറിനെ കറാച്ചിയിൽ വെച്ച് അജ്ഞാതർ വെടിവെച്ചുകൊന്നതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളിൽ ഒരാളായിരുന്നു ഖൈസർ ഫാറൂഖ്. ശനിയാഴ്ച സമനാബാദ് പ്രദേശത്തെ ഒരു മതസ്ഥാപനത്തിന് സമീപം നടന്ന ആക്രമണത്തിലാണ് ഖൈസർ ഫാറൂഖ് (30) കൊല്ലപ്പെട്ടത്.

ഖൈസർ ഫാറൂഖിന് വെടിയേറ്റതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാനിലെ ഡോൺ പത്രമാണ് റിപ്പോർട്ട് ചെയ്തത്. മുതുകിൽ വെടിയേറ്റ ഫാറൂഖിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫാറൂഖ് കൊല്ലപ്പെട്ടതായി അവകാശപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് യഥാര്‍ത്ഥമാണോയെന്ന് വ്യക്തമല്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്‍റെ വ്യാവസായിക തലസ്ഥാനത്ത് ഏകദേശം 15 വർഷം മുമ്പ് നടന്ന ഭീകരാക്രമണത്തിന്റെ ഓര്‍മ്മകള്‍ ഇന്ത്യയെ നടുക്കുന്നതാണ്. ഇന്ത്യയിൽ പാകിസ്ഥാൻ നടത്തിയ യുദ്ധസമാനമായ ഒരു ആക്രണമായിരുന്നു അത്. വിവിധ സ്ഥലങ്ങളിലായി നാല് ദിവസങ്ങളോളം നടന്ന ആക്രമണത്തിൽ 300-ഓളം പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈ ആക്രമണം നടന്ന് ഒരു വർഷത്തിന് ശേഷം 2009-ൽ യുഎസ് സെനറ്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി സംഭവത്തെ കുറിച്ച് പഠിക്കുകയും വളരെ കൃത്യമായി ആസൂത്രണം ചെയ്ത ആക്രമത്തിന്റെ ഗൗരവവും തീവ്രതയും ചൂണ്ടിക്കാട്ടുകയുണ്ടായി. ആക്രമണം നടത്തിയവർ വെറും ഭീകരവാദികൾ മാത്രമായിരുന്നില്ല, കൃത്യമായ പരിശീലനം ലഭിച്ച പാക് കമാൻഡോ യൂണിറ്റായിരുന്നു.

Top