അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ലാലേട്ടനെ കാണുക; ശ്രുതി ജയന്‍

സിനിമാ താരം ശ്രുതി ജയന്‍ മോഹന്‍ലാലിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മോഹന്‍ലാലിനെ നേരിട്ട് കാണുകയെന്നത് തന്റെ അമ്മയുടേയും മരിച്ചുപോയ അനിയന്റേയും വലിയൊരു ആഗ്രഹമായിരുന്നുവെന്നും അമ്മയ്ക്ക് താരത്തെ കാണാനായെന്നും നടി പറഞ്ഞു. സെറിബ്രല്‍ പാള്‍സിയോടു കൂടി ജനിച്ച ശ്രുതിയുടെ സഹോദരന്‍ അമ്പു പതിനൊന്ന് വര്‍ഷം മുമ്പാണ് ലോകത്തോട് വിടപറഞ്ഞത്. അനിയന്റേയും അമ്മയും മോഹന്‍ലാലുമൊത്തുള്ള ഫോട്ടോയും നടി പങ്കുവെച്ചു. നിരവധിയാളുകളാണ് പോസ്റ്റിന് കമെന്റുമായി എത്തുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും. ..( എന്റെ കുഞ്ഞനിയന്‍ )
സെറിബ്രല്‍ പാള്‍സി ഓട് കൂടി ജനിച്ച അവന് ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ലാലേട്ടന്റെ എല്ലാ സിനിമകളും തിയേറ്ററില്‍ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു. ലാലേട്ടനെ കാണുമ്പോള്‍ അവന്‍ പ്രകടമാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല…

മോഹന്‍ലാല്‍ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടന്‍. ജീവിച്ചിരിക്കുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടന്‍ എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളില്‍ നിറച്ചത്.

അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല. അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞ് 11 വര്‍ഷം ആയി. ഈ കഴിഞ്ഞ ദിവസമാണ് അവന്റെ ആ ആഗ്രഹം സാധിച്ചത്. എന്റെ അമ്മയിലൂടെ ആ സാന്നിധ്യം അവന്‍ അറിഞ്ഞിട്ടുണ്ടാകും.

Top