ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്; കേരളത്തിലെ റേഷന്‍ കടയില്‍ ഇനി ‘ഭായിമാരും’ എത്തും

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി പ്രകാരം 2020 ജനുവരി 15 മുതല്‍ ഇന്ത്യയുടെ ഏത് ഭാഗത്തുള്ള റേഷന്‍ കടയില്‍ നിന്നും സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ അവസരമൊരുങ്ങുന്നു. പ്രാരംഭ ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, കര്‍ണ്ണാടകം, ഗോവ, മധ്യപ്രദേശ്, ത്രിപുര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. പൊതുവിതരണ സംവിധാനത്തിന് കീഴില്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള പോയിന്റ് ഓഫ് സെയില്‍ മെഷീനുകളാണ് ഈ ചുവടുവെപ്പിന് വഴിയൊരുക്കുന്നത്. അര്‍ഹരായവര്‍ക്ക് റേഷന്‍ കാര്‍ഡുമായി എത്തി ബയോമെട്രിക്/ആധാര്‍ പരിശോധന പൂര്‍ത്തിയാക്കി സബ്‌സിഡി നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാം.

കുടിയേറ്റ തൊഴിലാളികള്‍ക്കും, ദിവസക്കൂലിക്കാര്‍ക്കുമാണ് ഈ പദ്ധതി അനുഗ്രഹമായി മാറുക. ഏത് സംസ്ഥാനത്തും റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്നത് വഴി 35 മില്ല്യണ്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്. നിലവില്‍ 79 കോടി ജനങ്ങള്‍ക്കാണ് റേഷന്‍ കാര്‍ഡുള്ളത്. ജോലി തേടി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന തൊഴിലാലികള്‍ക്കും, ദിവസക്കൂലിക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

2020 ജൂണ്‍ 30നകം രാജ്യത്ത് സമ്പൂര്‍ണ്ണമായി ഒരു റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുമെന്നാണ് ഭക്ഷ്യപൊതുവിരണ മന്ത്രി രാം വിലാസ് പാസ്വാന്റെ പ്രഖ്യാപനം. അര്‍ഹമായ ആനുകൂല്യങ്ങള്‍ ഏത് പാവപ്പെട്ടവനിലേക്കും എത്തിക്കാമെന്നതിന് പുറമെ വ്യാജ റേഷന്‍ കാര്‍ഡുകാരെ പൊക്കാനും ഈ സംവിധാനം സഹായിക്കും. 2016 നവംബര്‍ മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രാജ്യത്തെ 80 കോടി ജനങ്ങള്‍ക്കാണ് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത്.

എന്തായാലും കേരളത്തിലെ റേഷന്‍ കടകളില്‍ ഇനി ‘ഭായിമാര്‍’ എന്നുവിളിക്കുന്ന ഹിന്ദിക്കാരെ കണ്ടാല്‍ അമ്പരക്കേണ്ട. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനത്തില്‍ അവരും നമ്മുടെ ‘ഭായിമാര്‍’ തന്നെ!

Top