‘കടയ്ക്കൽ ചന്ദ്രൻ’ പിണറായി വിജയനോ ? ആകാംക്ഷയോടെ ഉറ്റുനോക്കി പാർട്ടികൾ !

മെഗാസ്റ്റാര്‍ മമ്മുട്ടി അഭിനയിക്കുന്ന ‘വണ്‍’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാഹനം ഗതാഗതകുരുക്കിലാക്കിയത് വലിയ വാര്‍ത്തയായും പുറത്ത് വന്നു കഴിഞ്ഞു.

കടയ്ക്കല്‍ ചന്ദ്രന്‍ എന്ന തീപ്പൊരി മുഖ്യമന്ത്രിയെയാണ് ഈ സിനിമയില്‍ മമ്മുട്ടി അവതരിപ്പിക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന് യൂണിവേഴ്‌സിറ്റി കോളജില്‍ ലഭിച്ച സ്വീകരണവും ആവേശകരമായിരുന്നു. കേരള രാഷ്ട്രീയവും യൂണിവേഴ്‌സിറ്റി കോളജും സെക്രട്ടറിയേറ്റും എല്ലാം സജീവമാകുന്ന സിനിമയാണ് ‘വണ്‍’.

നടന്‍ മമ്മുട്ടിയുടെ രാഷ്ട്രിയവും അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായിയോടുള്ള അടുപ്പവും പരസ്യമായ രഹസ്യമാണ്. അതു കൊണ്ടു തന്നെ ഈ രാഷ്ട്രീയ സിനിമയെ രാഷ്ട്രിയ കേന്ദ്രങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കടയ്ക്കല്‍ ചന്ദ്രനില്‍ നിന്നും പിണറായിയിലേക്കുള്ള ദൂരം എത്രയാണ് എന്നതാണ് ഇനി കണ്ടറിയേണ്ടിയിരിക്കുന്നത്.

സിനിമയുടെ കഥ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ലങ്കിലും ‘ചിത്രം’ എന്തായാലും വ്യക്തമായി കഴിഞ്ഞു.പിണറായി സര്‍ക്കാറിനെ വെള്ളം കുടിപ്പിക്കുന്ന ഒന്നും തന്നെ സിനിമയിലുണ്ടാകില്ലന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഇടത് സര്‍ക്കാറിന് ‘വണ്‍’ ഗുണം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

മമ്മുട്ടിയുടെ മാസ് ഡയലോഗിനാല്‍ സമ്പന്നമായ ‘ദി കിങ്’ എന്ന സിനിമ പോലെ തീപ്പൊരി ഡയലോഗുകള്‍ പുതിയ സിനിമയിലും ധാരാളമുണ്ട്. 1995 ല്‍ കേരളത്തിലെ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ സിനിമയാണ് ‘ദി കിങ്’ ഈ സിനിമയില്‍ കളക്ടറായി തിളങ്ങിയ മമ്മുട്ടി ‘വണ്ണില്‍’ മുഖ്യമന്ത്രിയായാണ് വിലസുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ കലിപ്പ് ലുക്കിലാണ് ‘കടയ്ക്കല്‍ ചന്ദ്രന്‍’ എത്തിയത്. ചിത്രീകരണ സ്ഥലത്ത് നിന്നു കിട്ടുന്ന റിപ്പോര്‍ട്ടുകളും വ്യത്യസ്തമല്ല. പിണറായിയെ പോലെ ഒരു മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മുട്ടി അവതിരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് സിനിമയിലൂടെയാണ് മമ്മുട്ടി മറുപടി നല്‍കാന്‍ പോകുന്നത്. അത് ആര്‍ക്കൊക്കെ കൊള്ളും എന്നതാണ് ഇനി കണ്ടറിയേണ്ടത്.

രാജ്യസഭയിലേക്ക് മമ്മുട്ടിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സി.പി.എം തയ്യാറായിരുന്നെങ്കിലും തല്‍ക്കാലം വേണ്ടന്ന നിലപാടിലായിരുന്നു താരം. സിനിമ ഉപേക്ഷിക്കരുതെന്ന ആരാധകരുടെ അഭിപ്രായം മാനിച്ചായിരുന്നു ഈ തീരുമാനം.

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ലങ്കിലും ഒരു ഉറച്ച കമ്യൂണിസ്റ്റുകാരനാണ് ഇപ്പോഴും മമ്മുട്ടി.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നടന്‍ ഇന്നസെന്റിനു വേണ്ടി പരസ്യമായി അദ്ദേഹം പ്രചരണവും നടത്തിയിരുന്നു. മുന്‍പ് ചെന്നൈയില്‍ നടന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്തതും മമ്മുട്ടി തന്നെയായിരുന്നു.

മെഗാസ്റ്റാറിന്റെ ഈ ചുവപ്പ് സ്‌നേഹം പണ്ട് കോളജില്‍ പഠിക്കുന്ന കാലം തൊട്ട് കൊണ്ടു നടക്കുന്നതാണ്. അതു കൊണ്ട് തന്നെയാണ് കടയ്ക്കല്‍ ചന്ദ്രനായി മമ്മുട്ടി അവതരിക്കുമ്പോള്‍ ആകാംക്ഷയും ഏറെ വര്‍ദ്ധിക്കുന്നത്.

തനിക്ക് ബോധ്യമാകാത്ത സിനിമയില്‍ സാധാരണ ഗതിയില്‍ മമ്മുട്ടി അഭിനയിക്കാറില്ല. മാത്രമല്ല, തിരക്കഥ തലനാരിഴ പരിശോധിക്കുന്നതും അദ്ദേഹത്തിന്റെ പതിവ് രീതിയാണ്.

മുഖ്യമന്ത്രി പിണറായിയുമായുള്ള മമ്മുട്ടിയുടെ അടുത്ത സൗഹൃദം കൂടി വിലയിരുത്തുമ്പോള്‍ ‘വണ്‍’ ചുവപ്പിന് പ്രതീക്ഷക്ക് വക നല്‍കുന്ന സിനിമ തന്നെയാകും.

സൂപ്പര്‍ ഹിറ്റ് തിരക്കഥാ കൃത്ത് ബോബി സഞ്ജയ് ആണ് വണ്ണിന് തിരക്കഥ എഴുതിയിരിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥനാണ് സംവിധായകന്‍. നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് ശ്രീലക്ഷ്മിയാണ്.

ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാഷ്ട്രീയം മുഖ്യ പ്രമേയമാകുന്ന ചിത്രങ്ങള്‍ക്ക് എക്കാലവും മികച്ച പ്രതികരണമാണ് മലയാളി പ്രേക്ഷകര്‍ നല്‍കാറുള്ളത്. തമിഴകത്തെ പോലെ സിനിമ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന നാടല്ലങ്കിലും അത് സജീവമായി ഇവിടേയും ചര്‍ച്ച ചെയ്യപ്പെടും. സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്ത് അതിനുള്ള സാധ്യത വളരെ കൂടുതലുമാണ്. പ്രേക്ഷകരുടെ സിനിമാ സങ്കല്‍പ്പവും ഇപ്പോള്‍ മാറി വരികയാണ്. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.

Political Reporter

Top