‘വൺ’ സിനിമ തിരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ കൊടുങ്കാറ്റായി മാറുമോ ?

രേണ്ട സമയത്ത് തന്നെയാണ് ‘വണ്‍’ സിനിമയും വരാന്‍ പോകുന്നത്. ഏപ്രിലില്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എത്തുന്ന സിനിമയുടെ പ്രമേയം എന്താണെന്നതാണ് രാഷ്ട്രീയ കേരളവും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന തീപ്പൊരി മുഖ്യമന്ത്രിയെയാണ് ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന് പിണറായി വിജയനിലേക്കുള്ള ദൂരമാണ് ഇനി അറിയാനുള്ളത്. കര്‍ക്കശക്കാരനായ മമ്മൂട്ടിയുടെ മുഖ്യമന്ത്രി കഥാപാത്രത്തെ രൂപപ്പെടുത്തിയത് തന്നെ പിണറായി വിജയനെ മനസ്സില്‍ കണ്ടാണെന്ന റിപ്പോര്‍ട്ടുകളും അണിയറ പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി പുറത്ത് വന്നു കഴിഞ്ഞു. വണ്ണിന്റെ ചിത്രീകരണം തുടങ്ങും മുന്‍പ് തന്നെ, സെക്രട്ടറിയേറ്റിലെത്തി മമ്മൂട്ടി പിണറായി വിജയനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി തന്നെ ഏറെ അടുപ്പം പുലര്‍ത്തുന്ന താരമാണ് മമ്മൂട്ടി. അത് വെറുമൊരു അടുപ്പം മാത്രമല്ല, പ്രത്യേയ ശാസ്ത്രപരമായ യോജിപ്പും ഈ സൗഹൃദത്തിന് പിന്നിലുണ്ട്.

മോഹന്‍ലാലില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയപരമായി ഉറച്ച നിലപാടുള്ള താരമാണ് മമ്മൂട്ടി. കമ്യൂണിസ്റ്റാണ് താനെന്ന് തുറന്നുപറയാന്‍ അദ്ദേഹത്തിന് ഒട്ടും മടിയുമില്ല. ചെന്നൈയില്‍ മുന്‍പ് നടന്ന ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തതും മമ്മൂട്ടിയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ആ സമ്മേളന വേദിയില്‍ വച്ചാണ് ഡി.വൈ.എഫ്.ഐ ഗുജറാത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ കലാപം ഉണ്ടാകില്ലായിരുന്നു എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നത്. പിന്നീട് നടന്‍ ഇന്നസെന്റ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും പരസ്യമായി തന്നെ അദ്ദേഹത്തിന് വേണ്ടി പ്രചരണത്തിനിറങ്ങാനും മമ്മൂട്ടി തയ്യാറായിരുന്നു. മമ്മൂട്ടിയുടെ ഈ രാഷ്ട്രീയ നിലപാട് സിനിമയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് അറിയാനാണ് സി.പി.എം പ്രവര്‍ത്തകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സാധാരണ ഗതിയില്‍ താന്‍ അഭിനയിക്കുന്ന സിനിമയിലെ കഥ ഇഷ്ടമായില്ലങ്കില്‍, മമ്മൂട്ടി അഭിനയിക്കാറില്ല. മാത്രമല്ല, തിരക്കഥയില്‍ പോലും ഇടപെട്ട് നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കാറുണ്ട്. അത്കൊണ്ട് തന്നെയാണ് വണ്‍ സിനിമയെ കുറിച്ചുള്ള ആകാംക്ഷയും വര്‍ദ്ധിക്കുന്നത്.

 

ഇപ്പോള്‍ തന്നെ വണ്‍ സിനിമയിലെ മമ്മൂട്ടിയുടെ മാനിറസങ്ങള്‍ അടങ്ങിയ ടീസറും പോസ്റ്ററുകള്‍ക്കും പിണറായി ‘ടച്ച്’ നല്‍കിയുള്ള ബദല്‍ ആവിഷ്‌ക്കാരവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. കേരള രാഷ്ട്രീയവും യൂണിവേഴ്സിറ്റി കോളജും സെക്രട്ടറിയേറ്റും എല്ലാം സജീവമാകുന്ന സിനിമ കൂടിയാണ് ‘വണ്‍’. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രദര്‍ശനത്തിനെത്തുന്ന സിനിമ, ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണികള്‍. അന്തരിച്ച മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചതും മമ്മൂട്ടിയാണ്. ‘യാത്ര’ എന്നു പേരിട്ട ഈ സിനിമ ആന്ധ്ര ഭരണം പിടിക്കാന്‍ വൈ.എസ്.ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഢിക്ക് ഏറെ സഹായകരമായിരുന്നു.

മമ്മൂട്ടിയുടെ മാസ് ഡയലോഗിനാല്‍ സമ്പന്നമായ സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ ‘ദി കിങിനെ’ പോലെ തീപ്പൊരി ഡയലോഗുകള്‍ പുതിയ സിനിമയിലും ധാരാളമുണ്ട്. 1995 ല്‍ കേരളത്തിലെ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ സിനിമയാണ് ‘ദി കിങ്’ ഈ സിനിമയില്‍ കളക്ടറായി തിളങ്ങിയ മമ്മുട്ടി ‘വണ്ണില്‍’ മുഖ്യമന്ത്രിയായാണ് പൊളിച്ചടുക്കുന്നത് എന്ന വ്യത്യാസം മാത്രമാണുള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ കലിപ്പ് ലുക്കിലാണ് ‘കടയ്ക്കല്‍ ചന്ദ്രന്‍’ എത്തിയിരുന്നത്. പുറത്ത് വന്ന ടീസറും ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്. അണിയറ പ്രവര്‍ത്തകരില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകളും വ്യത്യസ്തമല്ല. പിണറായിയെ പോലെ ഒരു മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതിരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

 

Mohanlal,Mammootty

തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കും ഒരുപക്ഷേ സിനിമയിലൂടെയായിരിക്കും മമ്മുട്ടി മറുപടി നല്‍കാന്‍ പോകുന്നത്. അത് ആര്‍ക്കൊക്കെ കൊള്ളും എന്നതാണ് ഇനി കണ്ടറിയേണ്ടത്. രാജ്യസഭയിലേക്ക് മമ്മുട്ടിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സി.പി.എം തയ്യാറായിരുന്നെങ്കിലും തല്‍ക്കാലം വേണ്ടന്ന നിലപാടിലായിരുന്നു താരം. സിനിമ ഉപേക്ഷിക്കരുതെന്ന ആരാധകരുടെ അഭിപ്രായം മാനിച്ചായിരുന്നു ഈ തീരുമാനം. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ലങ്കിലും ഒരു ഉറച്ച കമ്യൂണിസ്റ്റുകാരനാണ് ഇപ്പോഴും മമ്മുട്ടി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് നടന്‍ ഇന്നസെന്റിനു വേണ്ടി അദ്ദേഹം പരസ്യമായി പ്രചരണം നടത്തിയിരുന്നത്. മെഗാസ്റ്റാറിന്റെ ഈ ചുവപ്പ് സ്നേഹം പണ്ട് കോളജില്‍ പഠിക്കുന്ന കാലം തൊട്ട് കൊണ്ടു നടക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ്, കടയ്ക്കല്‍ ചന്ദ്രനായി മമ്മുട്ടി അവതരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചങ്കിടിപ്പും വര്‍ദ്ധിക്കുന്നത്.

 

 

സൂപ്പര്‍ ഹിറ്റ് തിരക്കഥാ കൃത്തുക്കളായ ബോബി സഞ്ജയ് ആണ് വണ്ണിന് തിരക്കഥ എഴുതിയിരിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥനാണ് സംവിധായകന്‍. നിര്‍മ്മാണം നിര്‍വ്വഹിക്കുന്നതാകട്ടെ ശ്രീലക്ഷ്മിയാണ്. ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഷ്ട്രീയം മുഖ്യ പ്രമേയമാകുന്ന ചിത്രങ്ങള്‍ക്ക് എക്കാലവും മികച്ച പ്രതികരണമാണ് മലയാളി പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. തമിഴകത്തെ പോലെ സിനിമകള്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന നാടല്ലെങ്കിലും, പ്രമേയം സജീവമായി തന്നെ കേരളത്തിലും ചര്‍ച്ച ചെയ്യപ്പെടും. സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്ത് അതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

 

Top