മധു കൊലക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി; ഇതുവരെ കൂറുമാറിയത് 7 പേർ

മധു കൊലക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനേഴാം സാക്ഷി ജോളിയാണ് കൂറ് മാറിയത്. പൊലിസ് നിർബന്ധപ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്ന് ജോളി പറഞ്ഞു. കേസിൽ നേരത്തെയും പല സാക്ഷികളും കൂറുമാറിയിരുന്നു. നിലവിൽ 7 സാക്ഷികളാണ് കേസിൽ കൂറുമാറിയിരിക്കുന്നത്.

കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ അബ്ദുൽ റസാഖിനെ പിരിച്ചുവിട്ടിരുന്നു. മധു കേസിൽ പതിനാറാം സാക്ഷിയായിരുന്നു അബ്ദുൽ റസാഖ്. കേസിൽ കൂറുമാറിയ വനം വകുപ്പ് വാച്ചർ അനിൽ കുമാറിനെയും പിരിച്ച് വിട്ടിരുന്നു. 15ാം സാക്ഷി മെഹറുന്നീസയും കൂറുമാറിയിരുന്നു. പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയെ അറിയിച്ചു. പതിനാലാം സാക്ഷി ആനന്ദനും കുറുമാറിയിരുന്നു.

പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങൾക്ക് ഇടയാക്കുന്നതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അഡ്വ. രാജേഷ് എം. മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി. രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയായിരുന്നു നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

Top