കലാപകാരികളോട് സന്ധിയില്ലാതെ പൊലീസ് ; ശബരിമലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

SABARIMALA

പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പാലോട് സ്വദേശി സജികുമാര്‍ ആണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട പൊലീസിന് കൈമാറി.

യുവതി പ്രവേശനത്തിനെതിരെ ശബരിമലയില്‍ നടന്ന സംഘര്‍ഷത്തില്‍ 3719 പേരാണ് ഇതുവരെ അറസ്റ്റിലായത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 546 കേസുകളിലാണ് അറസ്റ്റ്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് കലാപമുണ്ടാക്കാന്‍ ശ്രമിച്ച 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ വെരിഫിക്കേഷന്‍ ആല്‍ബം പൊലീസ് പ്രസിദ്ധീകരിച്ചിരുന്നു. തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയില്‍ തടഞ്ഞതുള്‍പ്പെടെയുള്ള കേസിലുള്ളവരുടേതാണ് ചിത്രങ്ങള്‍. ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ചിത്തിര ആട്ടത്തിരുനാളിന് ശബരിമലയില്‍ എത്തിയ തീര്‍ഥാടകരില്‍ 200 പേര്‍ മാത്രമാണു യഥാര്‍ഥ ഭക്തരെന്നും 7000 പേര്‍ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ അനുഭാവികളോ ആണെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 200 പേര്‍ ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. സംഘപരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെ പതിനെട്ടാം പടിയില്‍ ആചാര ലംഘനം നടത്തി സമരം നടത്തിയിരുന്നു.

Top