ഇർഷാദ് കൊലക്കേസ്; പ്രധാന കണ്ണികളിലൊരാൾ പിടിയിൽ

മലപ്പുറം: പെരുവണ്ണാമുഴി പന്തിരിക്കര സ്വദേശിയായ ഇർഷാദിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി മലപ്പുറത്ത്‌ പിടിയിൽ. കേസിലെ പ്രധാന കണ്ണികളിൽ ഒരാളായ വഴിക്കടവ് സ്വദേശി ജുനൈദ് എന്ന ബാവയാണ് പിടിയിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച സംഘത്തിൽ ഇയാളും ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ.

കേരളത്തിന് പുറത്തും വയനാട്ടിലുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു പ്രതി. വഴിക്കടവിലെ വീട്ടിലെത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. വീട്ടിൽ വെച്ചാണ് പിടിയിലായത്. ഇർഷാദ് കൊലപാതക കേസിലെ പ്രധാന കണ്ണിയാണ് ജുനൈദ്. ഇർഷാദിനെ തട്ടിക്കൊണ്ട് പോയി മർദിച്ച സംഘത്തിൽ ജുനൈദും ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. കൊലക്കുറ്റം ഉൾപ്പടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇതോടെ സ്വർണ്ണക്കടത്ത് കൊലപാതക കേസിൽ 12 പേർ അറസ്റ്റിലായി.

Top