കൊറോണ ബാധിച്ച് അമേരിക്കയില്‍ ഒരാള്‍ കൂടി മരിച്ചു; ആശങ്ക !

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് എന്ന കൊവിഡ് 19 നിയന്ത്രണാധീതമായി പടരുകയാണ്. അമേരിക്കയില്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എഴുപതുകാരന്‍ മരിച്ചു. ഇതോടെ കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

അസര്‍ബൈജാന്‍, മെക്സിക്കോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഖത്തര്‍ അടക്കം ഗള്‍ഫ് രാജ്യങ്ങളിലും രോഗം പടര്‍ന്നു. യുഎസില്‍ 22 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ ദിവസം 573 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 2870 ആയെന്നും ചൈനയിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

ഹുബെ പ്രവിശ്യയിലാണ് രോഗബാധ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം,ദക്ഷിണ കൊറിയയില്‍ 376 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ച് 21 പേരാണ് മരിച്ചത്. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്.

ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. കഴിഞ്ഞ ദിവസം 593 പേര്‍ക്കു കൂടി ഇറാനില്‍ രോഗം സ്ഥിരീകരിച്ചു.

ചൈനയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്ന വൈറസ് കാരണം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85,000 കടന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് .

ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത്. 1694 പേര്‍ ചികിത്സയിലുണ്ട്. ചെക്ക് റിപ്പബ്ലിക്കിലും, സ്‌കോട്ട്‌ലന്‍ഡിലും, ഡോമിനിക്കന്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Top