കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; ഒരാള്‍കൂടി അറസ്റ്റില്‍

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തൃശൂര്‍ സ്വദേശി കെ ബി അനില്‍കുമാറിനെയാണ് ഇ ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയത്. അനില്‍കുമാറിനോട് നേരത്തേ ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ സമന്‍സുകളില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. കരുവന്നൂര്‍ ബാങ്കില്‍ നിന്നും അനില്‍ കുമാര്‍ 18 കോടി തട്ടിയെന്നാണ് ഇ ഡി ആരോപണം.

വന്‍തുക ലോണെടുത്ത് അനില്‍കുമാര്‍ കരുവന്നൂര്‍ ബാങ്കിനെ കബളിപ്പിച്ചുവെന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു. കേസിലെ 55 പ്രതികളുടെ കുറ്റപത്രം ആദ്യ ഘട്ടത്തില്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ പതിനൊന്നാം പ്രതിയാണ് അനില്‍കുമാര്‍. അനില്‍കുമാറിന്റെ ജാമ്യാപേക്ഷ ഉച്ചതിരിഞ്ഞ് കോടതി പരിഗണിക്കും. ഒരിടവേളയ്ക്ക് ശേഷമാണ് കരുവന്നൂര്‍ കള്ളപ്പണ കേസില്‍ അറസ്റ്റുണ്ടായത്. കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയ കേസാണ് കരുവന്നൂര്‍ കള്ളപ്പണ കേസ്.

Top