എസ്ബിഐ ബ്രാഞ്ച് ആക്രമണം: ഒരാളെ കൂടി സര്‍വ്വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ഒരാളെ കൂടി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പബ്ലിക് ഹെല്‍ത്ത് ലാബിലെ ബിജു രാജിനെ ആണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ഇന്ന് മാത്രം സസ്‌പെന്റ് ചെയ്തവരുടെ എണ്ണം അഞ്ചായി.

നാല് എന്‍ജിഒ യൂണിയന്‍ നേതാക്കളെ ഇന്ന് രാവിലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് ബാബു, അനില്‍, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജനുവരി 8, 9 തീയതികളില്‍ നടന്ന പണിമുടക്കില്‍ ആദ്യദിനം എസ് ബി ഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെ ഒരു സംഘമാളുകള്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലെത്തി ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. സമരക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്തത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.

സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ത്തു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാല്‍ ബാങ്ക് അടച്ചിടാനാകില്ലേ – എന്ന് ആക്രോശിച്ച് അക്രമികള്‍ മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജര്‍ പറഞ്ഞു.

Top