കശ്‍മീരിൽ ഭീകരാക്രമണം തുടരുന്നു ;സുന്‍ജ്വാന്‍ ആക്രമണത്തിൽ പരുക്കേറ്റ ജവാന് വീരമൃത്യു

INDIAN-ARMY

ശ്രീനഗർ : ജമ്മുകശ്മീരിലെ സുന്‍ജ്വാന്‍ കരസേനാ ക്യാമ്പിനു നേരെ ശനിയാഴ്ച ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു ജവാൻ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ സൈനികരുടെ എണ്ണം ആറായി.

ക്യാംപിനുള്ളിൽ കുടുംബങ്ങളെയും ആക്രമിച്ച ഭീകരസംഘത്തിലെ മൂന്നുപേരെ സൈന്യം വധിച്ചിരുന്നു. ആറു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ജമ്മു– പഠാൻകോട്ട് ബൈപാസിനോടു ചേർന്നുള്ള ഇൻഫൻട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാമ്പിലേക്കാണു സൈനിക വേഷത്തിൽ കനത്ത ആയുധശേഖരവുമായി ഭീകരർ ആക്രമണം നടത്തിയത്. ക്യാമ്പിലെ കാവൽക്കാർക്കു നേരെ വെടിയുതിർത്ത ശേഷം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്ത് ഒളിച്ചതിനാൽ ഇവരെ കണ്ടെത്താൻ ആദ്യം വൈകി. പിന്നീട് മൂന്നാമത്തെ ഭീകരനെയും വകവരുത്തിയതോടെ സൈനിക നടപടികൾ അവസാനിപ്പിച്ചിരുന്നു.

അതേസമയം, കശ്മീർ അതിർത്തിയിൽ തുടർച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണുണ്ടായി. റായ്പുരിലെ ദൊമാനയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. ശ്രീനഗറിലെ കരൺനഗറിലെ സിആർപിഎഫ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ വെടിവെയ്പ്പിൽ തിങ്കളാഴ്ച്ച ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.

സിആർപിഎഫ് 23–ാം ബറ്റാലിയൻ ആസ്ഥാനത്തേയ്ക്ക് എകെ 47 തോക്കുകളുമായി എത്തിയ ഭീകരർക്ക് നേരെ വെടിയുതിർത്തെങ്കിലും ഇവർ രക്ഷപ്പെട്ടു. തുടർന്നു പ്രദേശത്തു പരിശോധന നടത്തിയ സൈനികസംഘത്തിനു നേരെ ഭീകരർ വെടിവച്ചപ്പോഴാണു ജവാൻ കൊല്ലപ്പെട്ടത്. ഇവിടെയും പോരാട്ടം തുടരുകയാണ്.

Top