മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരുമരണം കൂടി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരുമരണം കൂടി. എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. ഇതൊടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. മലപ്പുറം ജില്ലയില്‍ എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിലാണ് രോഗം വ്യാപിക്കുന്നത്.

ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 206 പേര്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചു. അഞ്ചു പേര് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഒരാള്‍ കൂടി ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. അഞ്ച് ദിവസമായി ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

ഒരു മാസത്തിനിടെ മൂന്ന് പേര്‍ മരിച്ചത് എടക്കര മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. പൊതുജനങ്ങള്‍ സ്വയം ചികിത്സ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. ശരീര വേദന, പനി, ക്ഷീണം, ഓക്കാനും, ചര്‍ദ്ദി, വയറുവേദന, കണ്ണിനും ശരീരത്തിനും മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്‌ന്റെ പ്രധാന രോഗലക്ഷണങ്ങള്‍.

Top