ധാരാവിയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു; മുംബൈയില്‍ മൂന്ന് നഴ്‌സുമാര്‍ക്ക് കൂടി കോവിഡ്

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ ഭീതി പടര്‍ത്തി ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അറുപത് വയസുകാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 150 ആയി.

നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ധാരാവിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50 കടന്നു. പ്രദേശത്ത് ബാരിക്കേഡുകള്‍ തീര്‍ത്ത് കവചമൊരുക്കുകയാണ് പൊലീസ്.

മഹാമാരി കൂടുതല്‍ നാശം വിതക്കുന്ന മഹാരാഷ്ട്രയില്‍ വെറും അഞ്ച് ദിവസം കൊണ്ടാണ് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ നിന്ന് രണ്ടായിരത്തിലേക്ക് കടന്നത്. 1,985 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം മുംബൈയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ പുണെയില്‍ ഒരു മലയാളി നഴ്സിനും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ പുണെയില്‍ റൂബി ഹാള്‍ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്. ഭാട്ടിയ ആശുപത്രിയില്‍ മാത്രം 37 നഴ്‌സമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ അഞ്ച് പേര്‍ മലയാളി നഴ്സുമാരാണ്.

മഹാരാഷ്ട്രയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് പകരുന്നത് കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Top