കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; ആലപ്പുഴയിൽ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി

ആലപ്പുഴ കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ എന്ന് റിപ്പോര്‍ട്ട്. ആലപ്പുഴയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.കൊറോണ ബാധയെ നേരിടുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വണ്ടാനം മെഡിക്കൽ കോളേജിൽ തന്നെ പ്രവർത്തിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിൽ രക്തം പരിശോധനയ്ക്ക് അയച്ചു. പനിയും ചുമയും അടക്കം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇത്.

ആശുപത്രി അധികൃതരാണ് ഇതു വ്യക്തമാക്കിയത്. അതേസമയം രോഗിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വൈകിട്ട്‌ കലക്ടര്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണു സൂചന.

നേരത്തെ കേരളത്തില്‍ മൂന്നു പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ടു പേര്‍ നേരത്തെ ആശുപത്രി വിട്ടിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥികളാണു വീട്ടിലേക്ക് മടങ്ങിയത്.

ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നു മന്ത്രി കെ.കെ. ശൈലജ സ്ഥിരീകരിച്ചിരുന്നു.

കേരളത്തില്‍ നിലവില്‍ 2246 പേര്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2233 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.

Top