എൻഡിഎ വിടാൻ ഒരുങ്ങി ഒരു ഘടകകക്ഷി കൂടി

ൽഹി: അകാലിദളിന് പിന്നാലെ കാർഷിക നിയമങ്ങളുടെ പേരിൽ എൻഡിഎ മുന്നണി വിടുമെന്ന ഭീഷണിയുമായി മറ്റൊരു ഘടകകക്ഷികൂടി രംഗത്ത്. കർഷകരുടെ വൻ പ്രതിഷേധത്തിന് ഇടയാക്കിയ പുതിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്ന് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി അധ്യക്ഷനും രാജസ്ഥാനിൽനിന്നുള്ള എം.പിയുമായ ഹനുമാൻ ബനിവാളാണ് ട്വിറ്ററിലൂടെ അമിത് ഷായോട് ആവശ്യപ്പെട്ടത്. കർഷകരുമായി എത്രയും വേഗം ചർച്ച നടത്താൻ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക സമരത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടാംഘട്ട മന്ത്രിതല ചർച്ച വ്യാഴാഴ്ച ചേരുന്നുണ്ട്.

അതിനു മുമ്പുതന്നെ കർഷകരുമായി ചർച്ച നടത്തണമെന്നാണ് ആർഎൽപി അധ്യക്ഷന്റെ ആവശ്യം. സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ ഉടൻ നടപ്പാക്കണം. സമരം ചെയ്യുന്ന കർഷകരുമായി ഡൽഹിയിൽവച്ച് കേന്ദ്ര സർക്കാർ ചർച്ച നടത്തണം. എൻഡിഎയിലെ ഘടകകക്ഷിയാണ് ആർഎൽപി. എന്നാൽ അധികാരം നൽകുന്നത് രാജ്യത്തെ കർഷകരും ജവാന്മാരുമാണ്. കർഷകരുടെ പ്രശ്നത്തിൽ ശരിയായ തീരുമാനം എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എൻഡിഎ ഘടകക്ഷിയായി തുടരുന്ന കാര്യത്തിൽ പുനരാലോചന നടത്തേണ്ടിവരും. കർഷകരുടെ താത്പര്യം മുൻനിർത്തിയാവും അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top