കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഗു​ജ​റാ​ത്തി​ല്‍ ഒരു എംഎല്‍എ കൂടി രാജിവെച്ചു

സൂററ്റ്: ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. മോര്‍ബി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയ ബ്രിജേഷ് മെര്‍ജയും രാജിവെച്ചു. എംഎല്‍എ സ്ഥാനത്തിന് പുറമെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും ഇദ്ദേഹം ഒഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചിരുന്നു.വഡോദരയിലെ കരഞ്ജന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയായിരുന്നു അക്ഷയ് പട്ടേല്‍. വാല്‍സാദിലെ കാര്‍പാഡില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ജിതു ചൗധരി.

രണ്ടു ദിവസത്തിനിടെ ഇത് മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് രാജിവെച്ചിരിക്കുന്നത്. നേരത്തെ രാജിവെച്ചവരുള്‍പ്പെടെ മൂന്നു മാസത്തിനിടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇതുവരെ രാജിവെച്ചിരിക്കുന്നത്.

ഇതോടെ കോണ്‍ഗ്രസിന് ഗുജറാത്ത് നിയമ സഭയിലെ അംഗബലം 65 ആയി ചുരുങ്ങി.

ജൂണ്‍ 19-നാണ് ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് ആദ്യം മാര്‍ച്ച് 26ന് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

Top