സ്പുട്‌നിക് 5 വാക്‌സിന്റെ പത്ത് കോടി ഡോസ് ഇന്ത്യയില്‍ നിര്‍മ്മിക്കും

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക് 5 കോവിഡ് വാക്‌സിന്റെ 10 കോടി ഡോസ് പ്രതിവര്‍ഷം ഇന്ത്യയില്‍ നിര്‍മിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ഡിഐഎഫ്) ഇന്ത്യന്‍ മരുന്നുകമ്പനി ഹെറ്ററോയും കരാറില്‍ ഒപ്പിട്ടതായി റഷ്യ അറിയിച്ചു. 2021 തുടക്കത്തില്‍ വാക്‌സിന്‍ ഉല്‍പാദനം ഇന്ത്യയില്‍ തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

ആദ്യ ഡോസ് നല്‍കി 42 ദിവസങ്ങള്‍ക്കു ശേഷമുള്ള പ്രാഥമിക ഡേറ്റ അവലോകനം ചെയ്തുള്ള രണ്ടാമത്തെ ഇടക്കാല റിപ്പോര്‍ട്ടിലെ ഫലമാണു റഷ്യ മുന്നോട്ടു വെയ്ക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചു റഷ്യന്‍ ആരോഗ്യ മന്ത്രാലയം, സര്‍ക്കാരിന്റെ ഗമാലയ സെന്റര്‍, ആര്‍ഡിഐഎഫ് എന്നിവര്‍ അവകാശവാദം ഉന്നയിച്ചു.

രണ്ടു ഡോസ് വാക്‌സിന്‍ രാജ്യാന്തര വിപണിയില്‍ 10 ഡോളറില്‍ താഴെ വിലയ്ക്കു ലഭ്യമാകും. റഷ്യന്‍ പൗരന്മാര്‍ക്കു സൗജന്യമാണ്. ആദ്യ ഡോസ് 22,000 സന്നദ്ധ പ്രവര്‍ത്തകരാണു സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചവര്‍ 19,000ലേറെ വരുമെന്നും റഷ്യ പറഞ്ഞു.

Top