ചൈനയുടെ അതിര്‍ത്തിയില്‍ കാണാതായ വിമാനത്തിലുള്ള ഒരാള്‍ കോഴിക്കോട്ടുകാരന്‍

ന്യൂഡല്‍ഹി: ചൈനയുടെ അതിര്‍ത്തിക്കു സമീപം കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരിലൊരാള്‍ കോഴിക്കോട്ടുകാരന്‍.

പന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശിയായ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആണ് കാണാതായവരിലൊരാള്‍. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റെയാള്‍. വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.

പന്നിയൂര്‍കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. ഐ.എസ്.ആര്‍.ഒ.യില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് സഹദേവന്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് ശ്രീകാര്യത്തിനു സമീപമാണ് താമസം.

വിവരമറിഞ്ഞ് രക്ഷിതാക്കള്‍ അസമിലെ തേസ്പുര്‍ വ്യോമസേനാ താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്. രണ്ടു പേര്‍ക്കു മാത്രമേ ഇതില്‍ സഞ്ചരിക്കാനുള്ള സൗകര്യമുളളൂ.

തേസ്പുര്‍ വ്യോമതാവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയയ്ക്കു മുകളില്‍ നിന്നാണ് അവസാന സന്ദേശം ലഭിച്ചത്.

വ്യോമസേനയുടെ നാലു സംഘങ്ങളും കരസേസനയുടെ ഒന്‍പതു സംഘങ്ങളും സംസ്ഥാനസര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ വിമാനം കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണെന്ന് വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ അനുപം ബാനര്‍ജി അറിയിച്ചു.

കനത്ത മഴ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ട്. വിമാനം ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ലെന്നാണ് വ്യോമസേന കരുതുന്നത്.

റഷ്യന്‍ നിര്‍മിത സുഖോയ് വിമാനം 1990 കളിലാണ് വ്യോമസേനയുടെ ഭാഗമായത്. ഇതിനകം ഏഴു വിമാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തേസ്പുര്‍ വ്യോമതാവളം കേന്ദ്രമാക്കി യുദ്ധവിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകള്‍ ഇന്ത്യ-ചൈന അതിര്‍ത്തി കാക്കാന്‍ നിയോഗിച്ചിട്ടുണ്ട്.

അതിര്‍ത്തിയില്‍ ഇന്ത്യയുടെ യുദ്ധവിമാനം കാണാതായതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. വിമാനത്തിനായുള്ള തിരച്ചിലില്‍ ചൈന ഇന്ത്യയെ സഹായിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Top