കൊല്‍ക്കത്തയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുവയസുകാരന്‍ മരിച്ചു ; 4 പേരുടെ നില അതീവ ഗുരുതരം

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയിലെ നഗര്‍ബസാറില്‍ ബഹുനിലക്കെട്ടിടത്തിനു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു വയസുകാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 4 പേരുടെ നില അതീവ ഗുരുതരമാണ്. 6 പേര്‍ക്ക് നിസാരമായ പരുക്കുകളാണ് ഉള്ളത്. പരുക്കേറ്റവരെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയ്ക്കു പുറത്തു രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനു ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പ്രദേശത്തു പരിശോധന നടത്തി. സ്‌ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അതിനിടെ, സ്‌ഫോടനം തന്നെ ലക്ഷ്യം വച്ചായിരുന്നെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സൗത്ത് ഡംഡം മുന്‍സിപ്പാലിറ്റി ചെയര്‍മാനുമായ പഞ്ചുഗോപാല്‍ രംഗത്തെത്തി. പിന്നില്‍ ബിജെപിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Top