പിറവത്ത് പാറമടയിൽ അപകടം, ഒരാൾ മരിച്ചു

പിറവം : പിറവം തിരുമാറാടിയിൽ പാറമടയിൽ ഉണ്ടായ അപകടത്തിൽ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു. കൊല്ലംപൂതക്കുളം രാഖി നിവാസിൽ രഹുലാണ് മരിച്ചത്. വൈകുന്നേരം 3 മണിയോടെ ആയിരുന്നു അപകടം. മേഖലയിലെ ഏറ്റവും വലിയപാറമടയാണ് ഇത്. ടോറസ് ലോറിയിൽ കല്ലുകയറ്റികൊണ്ടിരിക്കെ 300 അടിയോളം ഉയരത്തിൽനിന്ന് കൂറ്റൻ കല്ലുകൾ ഇടിഞ്ഞ് വീഴുകയായിരുന്നു. ലോഡ് കയറ്റികൊണ്ടിരുന്ന ലോറിയുടെ മുകളിലേക്കും കല്ലുകൾ വീണു.

കല്ലുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റുന്നതിനിടെ 200 അടി താഴ്ചയിലേക്ക് യന്ത്രവും ഇത് ഒപ്പറേറ്റ് ചെയ്തുകൊണ്ടിരുന്ന രാഹുലും വീഴുകയായിരുന്നു. 3.30 ഓടെ തിരിച്ചിൽ തുടങ്ങിയെങ്കിലും 5 മണിയോടെയാണ് രാഹുലിന്റെ മൃതദേഹത്തിന്റെ തല ഒഴികെ ഉള്ള ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. ബാക്കി ഭാഗങ്ങൾക്കായി രാത്രിയിലും തിരച്ചിൽ നടക്കുകയാണ്. വെള്ളക്കെട്ടായതിനാലും കല്ലുകൾ വീണ് നിറഞ്ഞിരിക്കുന്നതിനാലും തിരച്ചിൽ ബുദ്ധിമുട്ടാണ്. കൂത്താട്ടുകുളം ഫയർ ഫോഴ്സും സ്റ്റേഷൻ ഓഫീസർ കെ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

Top