കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം; ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ രാത്രിയാണ് സംഭവം. ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് വെടിവെപ്പിനെ തുടര്‍ന്ന് ജവാന്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. മോര്‍ട്ടാറുകള്‍, യന്ത്രത്തോക്കുകള്‍, ചെറുതോക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് പാക് സേന ആക്രമണം നടത്തിയത്.പാകിസ്ഥാന്റെ പ്രകോപനത്തിന് സുരക്ഷസേന ശക്തമായി മറുപടി നല്‍കിയതോടെ രാത്രി വൈകിയും അതിര്‍ത്തിയില്‍ വെടിവെപ്പ് തുടര്‍ന്നതായാണ് വിവരം.

രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്. ബുധനാഴ്ച രാത്രി 10നും 11നും ഇടയിലാണ് വെടിവെപ്പുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ പല ആഴ്ചകളിലായി നൂറിലേറെ തീവ്രവാദികളെയാണ് കശ്മീരില്‍ വിവിധ ഓപ്പറേഷനുകളിലൂടെ സുരക്ഷാസൈന്യം വധിച്ചത്. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ നടന്ന സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top