ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി പുതിയ പദ്ധതി നടപ്പിലാക്കി സിക്കിം സര്‍ക്കാര്‍

ഗാംഗ്‌ടോക്ക്: തൊഴില്‍ രഹിതരായ യുവാക്കളെ സഹായിക്കാന്‍ പുതിയ തൊഴില്‍ പദ്ധതിയുമായി സിക്കിം സര്‍ക്കാര്‍. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പുതിയ പദ്ധതിക്ക് സിക്കിം മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഗാംഗ്‌ടോക്കില്‍നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി 12,000 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി നിയമന ഉത്തരവ് നല്‍കി.

കഴിഞ്ഞ വര്‍ഷം ശൈത്യകാല സമ്മേളനത്തിനാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.പുതിയ പദ്ധതിയില്‍ നിലവില്‍ കുടുംബത്തില്‍ സര്‍ക്കാര്‍ ജോലിയുള്ള കുടുംബങ്ങള്‍ക്ക് ജോലി ലഭിക്കില്ല. സിക്കിം അഭ്യന്തരമന്ത്രാലയത്തിലാണ് ഇപ്പോള്‍ 12,000 പേര്‍ക്ക് ജോലി സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് ഒപ്പം 25,000ത്തോളം താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്ന പദ്ധതി ഈ വര്‍ഷം നടപ്പിലാക്കാനും സിക്കിം സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ഇതോടെ എല്ലാ കുടുംബങ്ങളിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി സിക്കിം മാറി എന്ന് മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ് പറഞ്ഞു.

Top