കേരളത്തില്‍ ഒരു കോടി പേര്‍ വാക്‌സിനായി കാത്തിരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേരാണ് വാക്‌സിനായി കാത്തിരിക്കുന്നതന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ പോകുന്നത് 30 ലക്ഷം ഡോസ് വാക്‌സീനാണെന്നും, ഇതില്‍ 22 ലക്ഷം രണ്ടാം ഡോസ് ലഭിക്കേണ്ടവര്‍ക്ക് തന്നെ കൊടുക്കേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ വാക്‌സീന്‍ ക്ഷാമത്തിന്റെ കണക്കുകള്‍ നിയമസഭയില്‍ മന്ത്രി അവതരിപ്പിച്ചു.

സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സീന്‍ ലഭിച്ചത് 36.95 ശതമാനവും രണ്ടാം ഡോസ് കിട്ടിയവര്‍ 16.01 ശതമാനവുമാണെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് ഈ കണക്ക്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ കണക്കനുസരിച്ചാണ് വാക്‌സീന്‍ നല്‍കി മുന്നോട്ട് പോകുന്നതെങ്കില്‍, ഓഗസ്റ്റ് മാസത്തില്‍ ഫലത്തില്‍ എട്ട് ലക്ഷം പേര്‍ക്ക് മാത്രമേ ഒന്നാം ഡോസ് നല്‍കാന്‍ സാധിക്കൂ എന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. വാക്‌സീന്‍ ക്ഷാമം പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

 

Top